ഇന്ത്യയിൽ നിന്ന് മടങ്ങി എത്തിയ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഐസൊലേഷനിൽ

ഇന്ത്യൻ പര്യടനം റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഐസൊലേഷനിലെന്ന് റിപ്പോർട്ട്. താരങ്ങളോട് 14 ദിവസത്തെ സ്വയം ഐസൊലേഷനിൽ കഴിയാനാണ് ഭരണകൂടം നിർദ്ദേശിച്ചിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കണമെന്നും താരങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊവിഡ് 19 വൈറസ് ബാധയെത്തുടർന്നാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം റദ്ദാക്കിയത്. മൂന്ന് ഏകദിനങ്ങൾ അടങ്ങിയ പരമ്പരയിൽ ധരംശാലയിൽ തീരുമാനിച്ചിരുന്ന ആദ്യത്തെ മത്സരം മഴ മൂലം മാറ്റിവച്ചു. പിന്നീട് ലക്നൗവിൽ നടക്കേണ്ടിയിരുന്ന രണ്ടാം മത്സരത്തിനു മുന്നോടിയായിൽ പരമ്പര ഉപേക്ഷിക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നാട്ടിലേക്ക് മടങ്ങിയ താരങ്ങളോടാണ് സ്വയം ഐസൊലേഷനിൽ കഴിയാൻ ഭരണകൂടം നിർദ്ദേശിച്ചത്.

ജനങ്ങൾ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്പോർട്സ് ഫെഡറേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരമ്പര മാറ്റിവക്കാൻ തീരുമാനിച്ചതും.

ഐപിഎല്ലും മാറ്റിവച്ചിരിക്കുകയാണ്. ഏപ്രിൽ 15ലേക്കാണ് ഐപിഎൽ മാറ്റിവച്ചിരിക്കുന്നത്. ഈ മാസം 29ന് മത്സരങ്ങൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് രണ്ടാഴ്ചത്തേക്ക് മാറ്റിയത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ജൂലായ്, സെപ്തംബർ മാസങ്ങളിൽ ലീഗ് നടത്തുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top