ഒമാനില്‍ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; കണ്ണൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കിയേക്കും

ഒമാനില്‍ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയേക്കും. ഇയാള്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ കിയാല്‍ ശേഖരിക്കുകയാണ്.
ഒമാനില്‍ വച്ച് കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയ കണ്ണൂര്‍ കതിരൂര്‍ സ്വദേശി മാര്‍ച്ച് എട്ട് മുതല്‍ 12 വരെയാണ് നാട്ടിലുണ്ടായിരുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ള പിതാവിനെ കാണാനാണ് ഇയാള്‍ ഒമാനില്‍ നിന്ന് വന്നത്. തലശേരിയിലെ ഒരു സഹകരണ ആശുപത്രിയിലും കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലും ഇയാള്‍ പോയതായാണ് സൂചന.

മാര്‍ച്ച് 12 ന് രാവിലെ 8.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട ഏ 855 ഗോ എയര്‍ വിമാനത്തിലാണ് ഇയാള്‍ ഒമാനിലേക്ക് തിരിച്ചുപോയത്. ഒമാനില്‍ വച്ച് പതിനാറാം തീയതി രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിലെ ഗോ എയര്‍ കൗണ്ടറില്‍ അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കിയാല്‍ തീരുമാനിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും നിരീക്ഷണത്തിലാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
ഔദ്യോഗികമായി അറിയിപ്പ് കിട്ടിയതിന് ശേഷം കണ്ണൂര്‍ ജില്ലാഭരണകൂടം റൂട്ട് മാപ്പ് തയാറാക്കും. അതേസമയം, കണ്ണൂരില്‍ നേരത്തെ രോഗമുണ്ടെന്ന് കണ്ടെത്തിയ പെരിങ്ങോം സ്വദേശിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. നാലാമത്തെ പരിശോധനാ ഫലവും നെഗറ്റീവായതോടെയാണ് ഇയാളെ വീട്ടിലേക്ക് മാറ്റിയത്. 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശം.

ഇയാളുടെ അടുത്ത ബന്ധുക്കളെയും വീടുകളിലേക്ക് മാറ്റി. കണ്ണൂര്‍ ജില്ലയില്‍ 25 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 4,488 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. മാഹിയില്‍ മൂന്ന് പേര്‍ ആശുപത്രിയിലും ഇരുന്നൂറിലേറെ പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top