കൊവിഡ് 19; സ്‌കൂള്‍, കോളജ് അധ്യാപകര്‍ ഓഫീസുകളില്‍ ഹാജരാകേണ്ടതില്ല: മുഖ്യമന്ത്രി

കൊവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍, കോളജ് അധ്യാപകര്‍ ഓഫീസുകളില്‍ ഹാജരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ രണ്ടാഴ്ചത്തേക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അത്യാവശ്യ സര്‍വീസ് ഒഴികെയുള്ള വിഭാഗങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ വീതം ഓഫീസുകളില്‍ ഹാജരായാല്‍ മതി. ശനിയാഴ്ച അവധിയായിരിക്കും. ക്ലാസ് ബി, സി, ഡി വിഭാഗം ജീവനക്കാര്‍ക്കാണ് ഇത് ബാധകമാവുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തുനികുതി പിഴകൂടാതെ അടയ്ക്കുന്നതിനുള്ള സമയ പരിധി ഏപ്രില്‍ മുപ്പതാക്കി വര്‍ധിപ്പിച്ചു. വ്യാപാര ലൈസന്‍സ് അടക്കമുള്ള ലൈസന്‍സുകള്‍ പുതുക്കുന്നതിനും വിനോദനികുതി അടയ്ക്കുന്നതിനുമുള്ള അവസാന തീയതിയും ഏപ്രില്‍ 30 ആക്കി ദീര്‍ഘിപ്പിച്ചു. കരുതല്‍ നടപടികളുടെ ഭാഗമായി 22 സ്വകാര്യ മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളിലെ 4,400 സിംഗിള്‍ മുറികള്‍ കൊറോണ കെയര്‍ സെന്ററാക്കും. പരിശോധനകള്‍ വേഗത്തിലാക്കുന്നത് പരിശോധിക്കാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി. മാസ്‌കുകള്‍, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കുന്നതിന് വ്യവസായവകുപ്പിന് ചുമതല നല്‍കി.
കൊറോണ കെയര്‍ സെന്ററുകളില്‍ സൗകര്യം ഒരുക്കുന്നതിന് പിഡബ്ല്യുഡിക്കാണ് ചുമതല. ആവശ്യമുള്ളവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതിനുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവുമായി സംസ്ഥാനം സഹകരിക്കും. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗതാഗത സംവിധാനങ്ങള്‍ അന്ന് പ്രവര്‍ത്തിക്കില്ല. മെട്രോ, കെഎസ്ആര്‍ടിസി എന്നിവ ഓടില്ല. അന്നേ ദിവസം വീടും പരിസരവും ശൂചിയാക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here