കൊച്ചിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

കൊച്ചിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനില്‍കുമാറാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കളക്ടര്‍ എസ് സുഹാസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
യുകെയില്‍ നിന്ന് വന്ന സഞ്ചാരികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇപ്പോള്‍. രോഗം സ്ഥിരീകരിച്ച എല്ലാവരും അറുപത് വയസിന് മുകളിലുള്ളവരാണെന്നും ഇവരുടെ ആരോഗ്യ നില നിലവില്‍ തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. യുകെയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ 17 അംഗ സംഘത്തിലെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംഘത്തിലുള്ളവരില്‍ ഒരാള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ എറണാകുളം ജില്ലയില്‍ 4196 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 28 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് ഇതോടെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 30 ആയി.
ജില്ലയില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ 197 ഐസൊലേഷന്‍ ബെഡുകള്‍ തയാറാണെന്ന് മന്ത്രി അറിയിച്ചു. 94 ഐസിയു ബെഡുകള്‍ തയാറാക്കിയിട്ടുണ്ട്. ആറ് ഐസൊലേഷന്‍ വാര്‍ഡുകള്‍, 32 വെന്റിലേറ്ററുകള്‍ എന്നിവ തയാറാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ അടക്കം അത്യാവശ്യമുള്ള ആളുകളെ മാത്രമെ അഡ്മിറ്റ് ചെയ്യാവൂ എന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here