കൊവിഡ് 19 ബാധിതയായ കനികാ കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത് വസുന്ധര രാജെയുടെ മകന്‍; പാര്‍ട്ടിക്ക് പിന്നാലെ പോയത് പാര്‍ലമെന്റിലേക്ക്

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുടെ മകനായ ദുഷ്യന്ത് സിംഗും ഗായിക കനികാ കപൂറിന്റെ സാന്നിധ്യമുള്ള പാര്‍ട്ടിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. കനികാ കപൂറിന് കൊവിഡ് 19 പോസിറ്റീവ് ആണെന്ന പരിശോധനാ ഫലം പുറത്തുവന്നിരിക്കുകയാണ്. ഗായിക കനികാ കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ച വിവരം അറിഞ്ഞ് ദുഷ്യന്ത് സിംഗും അമ്മ വസുന്ധര രാജെയും സ്വയം നിരീക്ഷണത്തിലാണ് എന്നാണ് വിവരം. വസുന്ധര രാജെയും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. എംപി കൂടിയായ ദുഷ്യന്ത് സിംഗ് പാര്‍ട്ടി നടന്ന അടുത്ത ദിവസം പാര്‍ലമെന്റില്‍ എത്തിയിരുന്നു. സുരേന്ദ്ര നഗര്‍ നിഷികന്ത്, മനോജി തിവാരി എന്നിവര്‍ക്കൊപ്പമാണ് സെന്‍ട്രല്‍ ഹാളില്‍ ദുഷ്യന്ത് സിംഗ് ഇരുന്നത്.
ലണ്ടനില്‍ നിന്ന് തന്റെ നാടായ ലഖ്നൗവില്‍ തിരികെയെത്തിയ കനിക കപൂര്‍ യാത്രാവിവരം അധികൃതരില്‍ നിന്ന് മറച്ച് വച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ദീര്‍ഘനാള്‍ ലണ്ടനില്‍ താമസിച്ചതിന് ശേഷം തിരികെ വന്ന ഇവര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ച് പാര്‍ട്ടി നടത്തിയിരുന്നു. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഒരുക്കിയ പാര്‍ട്ടിയില്‍ ഭരണകര്‍ത്താക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഇത് കടുത്ത പ്രതിസന്ധിയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. ലഖ്നൗവില്‍, കനിക താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലെ താമസക്കാരുടെ കാര്യത്തിലും കനത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇവരെല്ലാവരും നിരീക്ഷണത്തിലാണ്.
Read More: വിദേശത്ത് നിന്നെത്തിയ ഗായിക കനിക കപൂറിന് കൊവിഡ് 19 ; യാത്രാ വിവരം മറച്ചുവച്ച് പാർട്ടി നടത്തി; ആശങ്ക
എന്നാല്‍, നാല് ദിവസം മുന്‍പ് മാത്രമാണ് തനിക്ക് പനി വന്നതെന്നാണ് കനികയുടെ വിശദീകരണം. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ലണ്ടനില്‍ നിന്ന് തിരികെ വന്നത്. അപ്പോള്‍ വിമാനത്താവളത്തില്‍ വച്ച് പരിശോധന നടത്തിയെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. നാല് ദിവസം മുന്‍പ് പനി വന്ന് പരിശോധിച്ചപ്പോള്‍ കൊറോണ ആണെന്ന് മനസിലായി. ഇപ്പോള്‍ താനും കുടുംബവും ക്വാറന്റീനിലാണ്. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. താനുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കനിക തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ച പോസ്റ്റിലൂടെ പറഞ്ഞു.
ഈ അവസ്ഥയില്‍ എല്ലാവരും സെല്‍ഫ് ഐസൊലേഷനില്‍ കഴിയണമെന്നും കനിക കുറിച്ചു. ഈ സമയത്ത് വിവേക ബുദ്ധിയോടെ പെരുമാറണം. ചുറ്റുമുള്ളവരെക്കുറിച്ച് ചിന്തിക്കണം. വിദഗ്ധരുടെ അഭിപ്രായവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശവും അനുസരിച്ചാല്‍ ഭയപ്പെടാതെ ഇതിനെ മറികടക്കാനാവുമെന്നും കനിക കൂട്ടിച്ചേര്‍ത്തു. സണ്ണി ലിയോണി അഭിനയിച്ച രാഗിണി എംഎംഎസ് 2 എന്ന ചിത്രത്തിലെ ബേബി ഡോള്‍ ഗാനത്തിലൂടെ പ്രശസ്തയായ ഗായികയാണ് കനികാ കപൂര്‍.
Story Highlights: Vasundhara Raje, Kanika Kapoor, Parliament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here