പുതുതലമുറ ടെസ്റ്റ് ക്രിക്കറ്റിന് പ്രാധാന്യം നൽകുന്നില്ല; വിദേശത്ത് പരാജയപ്പെടുന്നതിന്റെ കാരണം പറഞ്ഞ് പൂജാര

ടീമുകൾ വിദേശത്ത് ടെസ്റ്റ് പരമ്പരകൾ പരാജയപ്പെടുന്നതിൻ്റെ കാരണം പറഞ്ഞ് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. പുതുതലമുറ ക്രിക്കറ്റിനു പ്രാധാന്യം നൽകുന്നില്ലെന്നും ഷോട്ട് സെലക്ഷനിൽ ബാറ്റ്സ്മാന്മാർ ശ്രദ്ധിക്കുന്നില്ലെന്നുമാണ് പൂജാര പറഞ്ഞത്. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് പൂജാര മനസ്സു തുറന്നത്.

“നിശ്ചിത ഓവർ മത്സരങ്ങളുടെ‌ പ്രാധാന്യം ഇപ്പോൾ വർധിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ നിലവാരമുള്ള ടെസ്റ്റ് താരങ്ങളുടെ എണ്ണത്തിൽ കുറവ് വന്നു. മുൻപ് ടെസ്റ്റ് പരമ്പരകൾക്ക് നല്ല പ്രാധാന്യം ലഭിച്ചിരുന്നു. ഈ പരമ്പരകൾക്ക് മുൻപ് താരങ്ങൾക്ക് കൃത്യമായി വിശ്രമവും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ, ആ സീസണുകളിൽ ഒരുപാട് പരുക്കുകൾ കാണുന്നുണ്ട്. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളെ നോക്കൂ. 20-25 താരങ്ങൾ മാത്രമാണ് അവിടെ ദേശീയ ടീമിൽ കളിക്കാൻ ഉള്ളത്. എന്നാൽ 10 വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ടീമിൽ മാത്രം, ടെസ്റ്റിൽ കളിപ്പിക്കാൻ കഴിയുന്ന 30 മുതൽ 50 വരെ താരങ്ങളുണ്ടായിരുന്നു. ഇപ്പോൾ താരങ്ങൾ കളിക്കാൻ ലഭ്യമല്ലെന്നല്ല, മറിച്ച് അവർ ടെസ്റ്റ് കളിക്കാൻ തയ്യാറാണോ എന്നതാണ്‌ പ്രധാന ചോദ്യം. കഴിഞ്ഞ 24 മാസത്തിനിടയിൽ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ ഇന്ത്യ ടെസ്റ്റ് പരമ്പരകൾ പരാജയപ്പെട്ടു. ന്യൂസീലൻഡിൽ ബാറ്റ്സ്മാന്മാരുടെ ഷോട്ട് സെലക്ഷനുകൾ കുറച്ച് കൂടി മെച്ചപ്പെടേണ്ടിയിരുന്നു. എന്നാൽ അതുണ്ടായില്ല.”- പൂജാര പറഞ്ഞു.

Story Highlights: Cheteshwar Pujara explains why teams struggle in overseas Tests

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top