കൊറോണക്കാലത്ത് കുട്ടികളുമായി വീട്ടിലിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

അടുത്ത രണ്ട് ആഴ്ചക്കാലം കൊറോണ ബാധയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം ഏറിയതാണ്. എന്നാൽ വീട്ടിൽ കുട്ടികളെയും കൂട്ടിയിരിക്കുന്നവർക്ക് ആശങ്കകൾ കുറച്ചുകൂടെ ഏറെയായിരിക്കും. എന്നാല്‍ വിഷമിക്കേണ്ടതില്ലെന്നേ. നമുക്ക് നോക്കാം കൊറോണക്കാലത്ത് കുട്ടികളെ എങ്ങനെയാണ് ശ്രദ്ധിക്കേണ്ടതെന്ന്. ഭീതി അല്ല കേട്ടോ, ജാഗ്രത തന്നെയാണ് വേണ്ടത്.

# കുട്ടികളെ അങ്ങുമിങ്ങും കറങ്ങി നടക്കാൻ അനുവദിക്കരുത്.

# സാധനങ്ങൾ വാങ്ങാൻ തുടരെ കടകളിൽ അയക്കരുത്.

# അടുത്ത വീടുകളിൽ അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്കല്ലാതെ പറഞ്ഞു വിടരുത്.

# വീട്ടിൽ നിന്ന് നിശ്ചിത ദൂരത്തിനപ്പുറം കൂട്ടം കൂടി കളിയിലേർപ്പെടുന്നത് കഴിയുന്നതും ഒഴിവാക്കുക. ചുറ്റുവട്ടത്തെ ചെറുഗ്രൂപ്പുകളുമായി ചേർന്ന് കളിക്കുന്നത് നിരുത്സാഹപ്പെടുത്തരുത്.

# ബന്ധുവീടുകളിൽ അത്യാവശ്യമല്ലാത്ത സന്ദർശനങ്ങൾ ഒഴിവാക്കുകയും കുട്ടികളെ അവിടെ നിർത്താതിരിക്കുകയും ചെയ്യുക

# അമ്പലത്തിൽ പോകുക, വിവാഹം തുടങ്ങിയ ആളുകൾ കൂടുന്ന സ്ഥലങ്ങളും ചടങ്ങുകളും രണ്ടാഴ്ചക്കാലത്തേക്ക് ഒഴിവാക്കുക.

# പുറത്തേക്ക് പോയി വന്നാൽ കാലും കൈയും മുഖവും നന്നായി സോപ്പിട്ട് കഴുകി വീട്ടിൽ കയറാനുള്ള ശീലം ഉണ്ടാക്കിയെടുക്കുക.( ഇടയ്ക്കിടെ കൈകൾ ഹാന്റ്‌വാഷ് ഉപയോഗിച്ച് കഴുകുന്നത് നല്ലത്)

# നഗരത്തിലോ കടയിലോ മറ്റെവിടെയെങ്കിലുമോ പോയി വന്നാൽ വസ്ത്രങ്ങൾ വർക്ക് ഏരിയയിൽ വച്ചോ മറ്റോ ഊരിമാറ്റി വീട്ടിൽ കയറാൻ ശീലിപ്പിക്കുക. കഴിയുമെങ്കിൽ കുളിച്ച് കയറുക. (ജോലി ആവശ്യങ്ങൾക്കായി പുറത്ത് പോയി വരുന്ന മുതിർന്നവർ ഇത്തരത്തിൽ ശീലിക്കുന്നത് ഏറ്റവും ഉത്തമം)

# മുതിർന്നവർ പുറത്ത് പോയി വന്ന ഉടനെ കുട്ടികൾക്ക് ഫോൺ, വണ്ടിയുടെ കീ, പേന, പൊതികൾ എന്നിവ നേരിട്ട് നൽകരുത്. സാനിറ്ററി സാധനങ്ങളുപയോഗിച്ച് വൃത്തിയാക്കിയ ഫോൺ മാത്രമേ കുട്ടികൾക്ക് നല്കാവൂ.

# വീട്ടിലേക്ക് വരുന്ന സന്ദർശകരിൽ നിന്ന് നിശ്ചിത അകലം പലിക്കാനുളള നിർദേശങ്ങൾ നൽകുക. ‘ശാരീരിക അകലം സാമൂഹിക ഒരുമ’ എന്നത് ഒർമിക്കുക.

# ആളുകളോട് ഇടപഴകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കാൻ കുട്ടികളോട് നിർദേശിക്കുക.

# പുറമേ നിന്നുള്ളവർ നൽകുന്ന ഭക്ഷണ സാധനങ്ങൾ വാങ്ങിക്കഴിക്കരുതെന്ന് അറിയിക്കുക.

# വീടിന് പുറമേയുള്ള കുട്ടികളുമായി ഭക്ഷണം പങ്കുവച്ച് കഴിക്കുന്നത് ഒഴിവാക്കുക.

# കൈ കഴുകാതെ മിഠായി, മറ്റ് പലഹാരങ്ങൾ, പഴങ്ങൾ എന്നിവ ഭക്ഷിക്കരുത്.

# പണം കൈകാര്യം ചെയ്യുന്നതിൽ നിന്ന് കുട്ടികളെ ഒഴിവാക്കുക.

# പാൽ, പത്രം എന്നിവ വാങ്ങുന്നതിന് കുട്ടികളെ അയക്കരുത്.

# അടുത്ത രണ്ടാഴ്ച ചെറിയ കുട്ടികളെ വീട്ടിൽത്തന്നെ കഴിയാവുന്ന തരത്തിലുള്ള വിനോദപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കാൻ സഹായിക്കുക.

# മേൽപ്പറഞ്ഞവയെല്ലാം അരുത്, അരുത് എന്ന് നേരിട്ട് പറയാതെ തന്ത്രപരമായി അവരെ ബോധ്യപ്പെടുത്താൻ ശ്രദ്ധിക്കണം. അവരിൽ ഭീതി ജനിപ്പിക്കരുത്.

വൈറസ് അറിഞ്ഞോ അറിയാതെയോ പടരാതിരിക്കാൻ മുതിർന്നവരും ശ്രദ്ധ ചെലുത്തുക. വ്യക്തി ശുചിത്വം പാലിക്കുക. ഓർക്കുക കുട്ടികൾ മുതിർന്നവരെ കണ്ടാണ് പഠിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top