കൊവിഡ് 19: മെയ് 28 വരെ മത്സരങ്ങൾ നടത്തില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മെയ് 28 വരെ മത്സരങ്ങൾ നടത്തില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. സാഹചര്യം പരിഗണിച്ച് ജൂണ്‍, ജൂലൈ മാസത്തില്‍ മത്സരങ്ങള്‍ നടത്താമെന്നും മറ്റെല്ലാ മത്സരങ്ങളും മാറ്റിവെക്കുകയാണെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര, ടി20 ബ്ലാസ്റ്റ്, ഇംഗ്ലണ്ട് – ഇന്ത്യ വനിതാ പരമ്പര എന്നിവയൊക്കെ മാറ്റിവക്കും.
മത്സരങ്ങള്‍ നടത്തുന്നതിലുപരിയായി താരങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ക്രിക്കറ്റ് ബോർഡ് പറയുന്നു. പബ്ബുകളും, കഫെകളും റസ്റ്റോറന്റും അടച്ചിടാന്‍ യുകെ പ്രധാന മന്ത്രി ബോറിസ് ജോണ്‍സ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് രാജ്യം കനത്ത ജാഗ്രതയിലാണ്.
മൂന്ന് ഇംഗ്ലണ്ട് താരങ്ങൾ ഐസൊലേഷനിൽ കഴിയുകയാണ്. ഓപ്പണർ അലക്സ് ഹെയിൽസ്, ഓൾറൗണ്ടർ ടോം കറൻ, പേസ് ബൗളർ ജേഡ് ഡേൺബാക്ക് എന്നിവരാണ് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം സ്വയം ഐസൊലേഷനിലേക്ക് മാറിയത്. പാകിസ്താൻ പ്രീമിയർ ലീഗിനിടെയാണ് ഹെയിൽസിന് രോഗലക്ഷണങ്ങൾ കണ്ടത്. ഇതേത്തുടർന്ന് സെമിഫൈനലുകളും ഫൈനലും മാത്രം ബാക്കി നിൽക്കെ പിഎസ്എൽ നിർത്തിവച്ചിരുന്നു. മറ്റ് രണ്ട് താരങ്ങൾ ഹെയിൽസിൻ്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തിരുന്നു.
3,069 പേരാണ് ഇതുവരെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 3,08,547 പേര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്. 95,829 അളുകൾ രോഗവിമുക്തരായി. കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. 188 രാജ്യങ്ങളിലാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരായി കഴിയുന്നവരില്‍ 9943 പേര് അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
Story Highlights: Cricket season delayed until at least May 28 ecb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here