രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിയേക്കും; അന്തിമ തീരുമാനം വൈകിട്ടോടെ

കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവയ്ക്കാൻ ആലോചന. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ട്രെയിൻ സർവീസുകൾ പൂർണമായി നിർത്താൻ ഒരുങ്ങുകയാണ് റെയിൽവേ.
അന്തിമ തീരുമാനം ഇന്ന് വൈകിട്ടോടെ ഉണ്ടാകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് റെയിൽവേ തലത്തിൽ ഉന്നത ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിലൂടെ ചർച്ചനടത്തിവരികയാണ്. ട്രെയിൻ സർവീസുകൾ മാർട്ട് 25 വരെ പൂർണമായും നിർത്തിവയ്ക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്.
കഴിഞ്ഞ രണ്ട് ദിവസമായി കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയാണ് രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചത്. അതേസമയം, ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇന്നും ഇന്നലെയുമായി രണ്ട് പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലും ബിഹാറിലുമായാണ് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here