കൊവിഡ് 19 അതിവേഗം കുറഞ്ഞ ചെലവില്‍ പരിശോധിക്കാം ; ഇന്ത്യന്‍ നിര്‍മിത പരിശോധനാ കിറ്റിന് കേന്ദ്രം അനുമതി നല്‍കി

കൊവിഡ് 19 വൈറസ് ബാധ അതിവേഗം കണ്ടെത്താന്‍ ഉപകരിക്കുന്ന ഇന്ത്യന്‍ നിര്‍മിത പരിശോധനാ കിറ്റിന് കേന്ദ്രം അനുമതി നല്‍കി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് പരിശോധനാ കിറ്റിന് അനുമതി നല്‍കിയത്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലാബ് പാത്തോഡിറ്റക്റ്റ് എന്ന ഡയഗ്‌നോസ്റ്റിക്‌സ് കമ്പനിയാണ് കിറ്റ് വികസിപ്പിച്ചെടുത്തത്.

പുതിയ പരിശോധന കിറ്റ് ഉപയോഗിക്കുന്നതിലൂടെ ടെസ്റ്റുകളുടെ ചെലവു കുറയ്ക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിവേഗം റിസള്‍ട്ട് ലഭിക്കും എന്നതിനാല്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും സാധിക്കും
ആറ് ആഴ്ച കൊണ്ടാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. നിലവിലെ പ്രോട്ടോകോള്‍ അനുസരിച്ച് പരിശോധനാഫലം ലഭിക്കാന്‍ ഏഴു മണിക്കൂര്‍ സമയമെടുക്കുമെങ്കില്‍ പുതിയ കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയില്‍ രണ്ടര മണിക്കൂര്‍ കൊണ്ട് ഫലം ലഭിക്കും.

പ്രാദേശികമായി ലഭ്യമായ ഘടകങ്ങള്‍ ഉപയോഗിച്ചു തയാറാക്കുന്നതിനാല്‍ നിലവില്‍ പരിശോധന നടത്തുന്നതിന്റെ ചെലവ് നാലിലൊന്നായി കുറയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ലോകാരോഗ്യ സംഘടനയുടെയും സിഡിഎസിന്റെയും മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ കിറ്റ് വികസിപ്പിച്ചിരിക്കുന്നതെന്നും ഇതിന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

 

Story Highlights- First made in india covid 19 test kit gets commercial approval, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top