ലോക്ക് ഡൗണ്‍: കടകള്‍ തുറക്കുന്ന സമയക്രമത്തില്‍ ആശയക്കുഴപ്പം

സംസ്ഥാനത്ത് കൊവിഡ് 19 നെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുന്ന സമയക്രമത്തില്‍ ആശയക്കുഴപ്പം. രാവിലെ 11 മണി മുതല്‍ വൈകുന്നേരം അഞ്ചുവരെ മാത്രമേ കടകള്‍ തുറക്കാവൂ എന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കര്‍ശന നിയന്ത്രണം. എന്നാല്‍ ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതില്‍ നിന്ന് വ്യത്യസ്തമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ നല്‍കിയിരിക്കുന്ന സമയക്രമം. കാസര്‍ഗോഡ് രാവിലെ 11 മുതല്‍ അഞ്ചുവരെയും മറ്റ് ജില്ലകളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ചുവരെ കടകള്‍ തുറക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത് എല്ലാ ജില്ലകളിലും രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചുവരെ കടകള്‍ തുറക്കാവൂ എന്നാണ്.
ഇതിന് പിന്നാലെ ഉത്തരവില്‍ വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തി. കാസര്‍ഗോഡ് മാത്രമാണ് രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചുവരെ കടകള്‍ തുറക്കുക. മറ്റ് ജില്ലകളില്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ കടകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, കൊറോണ വ്യാപനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിലായി. അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. ബസുകള്‍ നിരത്തിലിറക്കില്ല. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. കാസര്‍ഗോഡ് ആളുകള്‍ വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കില്ല . മറ്റു ജില്ലകളില്‍ ആള്‍ക്കൂട്ടത്തിന് നിയന്ത്രണമുണ്ട്.
സംസ്ഥാനത്ത് കെറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. സ്വകാര്യ വാഹനം അനുവദിക്കും. പെട്രോള്‍ പമ്പുകള്‍ തുറക്കും. പാചക വാതക വിതരണം പതിവുപോലെ നടക്കും. ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ട ചടങ്ങ് അനുവദിക്കില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ സ്റ്റോറുകളും മാത്രമേ തുറക്കൂ .
ഹോട്ടലുകളില്‍ ഹോം ഡെലിവറിയും പാര്‍സലും മാത്രമേ അനുവദിക്കൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധം. നിരീക്ഷണത്തിലുള്ളവര്‍ യാത്ര ചെയ്യുന്നത് തടയാന്‍ അയല്‍ക്കാര്‍ക്കും ഉദ്യോഗസ്ഥരുടെ നമ്പര്‍ നല്‍കും. നോട്ടുകള്‍ ,നാണയങ്ങള്‍ എന്നിവ അണുമുക്തമാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ നടപടി എടുക്കണം. മൈക്രോ ഫിനാന്‍സ് ,പ്രൈവറ്റ് കമ്പനികള്‍ എന്നിവര്‍ തവണ പിരിക്കുന്നത് രണ്ടു മാസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here