സെൻസെക്‌സും നിഫ്റ്റിയും നേട്ടത്തിൽ

ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം നേരിട്ട് ഇന്നലെ വ്യാപാരം അവസാനിപ്പിച്ച വിപണി ഇന്ന് നേട്ടത്തിൽ. കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ ഉടൻ സാമ്പത്തിക പാക്കേജ് കൊണ്ടുവരുമെന്ന ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രഖ്യാപനം വിപണിയിൽ പ്രതിഫലിച്ചു. സെൻസെക്‌സ് 2.67 ശതമാനം ഉയർന്ന് 26,674ലും, നിഫ്റ്റി 2.51 ശതമാനം വർധിച്ചു 7801ലും വ്യാപാരം അവസാനിപ്പിച്ചു. കൊറോണ വൈറസ് മൂലമുണ്ടാകുന്ന മാന്ദ്യത്തെ നേരിടാൻ ഉത്തേജക നടപടികൾ യു എസ് ഫെഡറൽ റിസർവ് പ്രഖ്യാപിച്ചതോടെ രാജ്യാന്തര വിപണികൾ നേട്ടത്തിലെത്തി. ഇത് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചതോടെ 1000 പോയിന്റിലേറെ ഉയർന്നാണ് സെൻസെക്‌സ് വ്യാപാരം തുടങ്ങിയത്.
Read Also: കെഎസ്ഇബി ക്യാഷ് കൗണ്ടർ സംവിധാനം നിർത്തി; ഓൺലൈനായി ബില്ല് അടയ്ക്കാം
സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ലെന്നും ഉത്തേജക പാക്കേജ് ഉടനുണ്ടാവുമെന്നുമുള്ള നിർമലാ സീതാരാമന്റെ പ്രസ്താവനയോടെ വിപണികളിൽ നേട്ടം തുടരുകയായിരുന്നു. ഐടി, ഫാർമാ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. റീൽറ്റി ഒഴികെയുള്ള മേഖലകളെല്ലാം തകർച്ച മറികടന്നതായാണ് വിപണി സൂചനകൾ. മറ്റുള്ള ആസ്തികളെ അപേക്ഷിച്ച് പണമാക്കൽ ശേഷി സ്വർണത്തിന് കൂടുതലെന്ന വേൾഡ് ഗോൾഡ് കൗൺസിലിന്റെ പഠന റിപ്പോർട്ട് സ്വർണ വിപണിക്ക് ഉണർവ് നൽകുമെന്നാണ് വിലയിരുത്തൽ. ഫെഡറൽ റിസർവിന്റെ ഇടപെടൽ എണ്ണ വിപണിക്ക് കരുത്തുനൽകി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 30 ഡോളറിലെത്തി. കറൻസി വിപണിയിൽ നില മെച്ചപ്പെടുത്തിയ രൂപ വീണ്ടും റെക്കോർഡ് തകർച്ചയിലേക്ക് മടങ്ങിയതും വ്യാപാരവസാനത്തിന്റെ പ്രത്യേകതയായി.
sensex and nifty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here