Advertisement

എറണാകുളത്ത് കൊവിഡ് കെയർ സെന്ററുകൾ പ്രാബല്യത്തിൽ; പ്രവർത്തനം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ

March 26, 2020
Google News 1 minute Read

കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കൊവിഡ് കെയർ സെന്ററുകൾ പ്രാബല്യത്തിൽ. ഇക്കാര്യത്തോട് അനുബന്ധമായ ഉത്തരവ് ജില്ലാ കളക്ടർ എസ് സുഹാസ് പുറപ്പെടുവിച്ചു. താലൂക്കുകളിൽ കൊവിഡ് സെന്ററുകളായി പ്രവർത്തിപ്പിക്കുന്നതിനുള്ള ടോയ്ലറ്റ് സൗകര്യമുള്ള മുറികളോട് കൂടിയ കെട്ടിടങ്ങൾ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള ചുമതല ബന്ധപ്പെട്ട തഹസിൽദാർമാർക്കാണ്.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കേണ്ട കെയർ സെന്റർ പ്രവർത്തനങ്ങൾക്കായി ചുമതലകളും വിഭജിച്ച് നൽകിയിട്ടുണ്ട്. കൊവിഡ് കെയർ സെന്ററുകളുടെ നടത്തിപ്പ് സംബന്ധിച്ച പൊതുചുമതല റവന്യൂ വകുപ്പിനാണ്. ബന്ധപ്പെട്ട തഹസിൽദാർമാർ വില്ലേജ് ഓഫീസർമാരുടെ സഹായത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കെയർ സെന്ററുകളുടെ പ്രവർത്തന നിയന്ത്രണം ആരോഗ്യവകുപ്പിനാണ്. സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള മെഡിക്കൽ ഓഫീസർ ആരോഗ്യ പ്രവർത്തകർ മുഖേന സെന്ററിന്റെ പ്രവർത്തനങ്ങൾ ഉറപ്പ് വരുത്തും.

Read Also: ഓൺലൈൻ മദ്യവിൽപ്പന ഇല്ല; മദ്യശാലകൾ അടച്ചിടുക എന്ന തീരുമാനം തുടരുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ

കെയർ സെന്ററുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള മാസ്‌ക്, ഗ്ലൗസ് എന്നിവ ഉറപ്പ് വരുത്തും. മുറികളിൽ പ്രവേശിക്കപ്പെടുന്ന വ്യക്തികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഐസൊലേഷൻ സംവിധാനമുള്ള തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ഉറപ്പിക്കും. കെയർ സെന്ററുകളിൽ പ്രവേശിപ്പിക്കപ്പെടുന്നവർക്കാവശ്യമായ ബെഡ് സൗകര്യം ഉറപ്പാക്കേണ്ടതും ആരോഗ്യവകുപ്പിന്റെ ചുമതലയാണ്.

കൊവിഡ് സെന്ററുകളിൽ പ്രവേശിപ്പിക്കപ്പെടുന്ന വ്യക്തിയുടെ ശരിയായ വിലാസം, മൊബൈൽ നമ്പർ എന്നിവ അടങ്ങുന്ന വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തി അതാത് ദിവസം സെന്ററിന്റെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തണം. സെന്ററുകളിൽ പ്രവേശിപ്പിക്കപ്പെടുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾക്കും മറ്റു ദൈനംദിനാവശ്യങ്ങൾക്കുമായ സാമഗ്രികൾ നൽകുക, ഭക്ഷണം കുടിവെള്ളം എന്നിവ ലഭ്യമാക്കുക, സെന്ററിലെ മാലിന്യ സംസ്‌കരണ ചുമതല എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പിനാണ്.

കൊവിഡ് സെന്ററുകളിൽ പ്രവേശിക്കപ്പെടുന്ന വ്യക്തികൾക്ക് ഭക്ഷണം നൽകുന്നതിന് ആവശ്യമായ ധാന്യങ്ങൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ ലഭ്യത തഹസിൽദാർമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് ഉറപ്പ് വരുത്തേണ്ട ചുമതല സിവിൽ സപ്ലൈസ് വകുപ്പിനാണ്. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് സമർപ്പിക്കുന്ന അപേക്ഷകളിൽ ഭക്ഷ്യധാന്യങ്ങൾ കൃത്യമായി ലഭ്യമാക്കേണ്ടതും സിവിൽ സപ്ലൈസ് വകുപ്പാണ്.

കെഎസ്ഇബി കൊവിഡ് സെന്ററുകളിൽ 24 മണിക്കൂർ വൈദ്യുതി ലഭ്യത ഉറപ്പാക്കണം. മുടക്കമില്ലാത്ത ജലവിതരണത്തിന്റെ ചുമതല വാട്ടർ അതോറിറ്റിക്കാണ്. അതാതു പ്രദേശത്തെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ സെന്ററുകളിൽ പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കണം. ആർടിഒ എല്ലാ സെന്ററുകളിലും ആംബുലൻസ് സൗകര്യം ഉറപ്പ് വരുത്തണം. അഗ്‌നിശമനസേന അടിയന്തര ഘട്ടത്തിൽ കൊവിഡ് സെന്ററുകളിൽ ആവശ്യമായ സഹായം ലഭ്യമാക്കും.

കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ള വ്യക്തികൾ മുറികൾ സ്വയം വൃത്തിയാക്കണം. അനധികൃതമായി സെന്ററുകളിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നവർക്കും അതിക്രമിച്ച് കയറുന്നവർക്കുമെതിരെ ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കും.

 

coronavirus, covid care centres in ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here