ആഗോളവത്കരണത്തിൽ നിന്ന് നമ്മെ തിരികെ നടത്തുമോ കൊറോണ വൈറസ് ?

-ക്രിസ്റ്റീന ചെറിയാൻ
1990 കളിൽ ഉദയം കൊണ്ട പുത്തൻ സാമ്പത്തിക നയത്തിന്റെ ഒരേട് ആയിരുന്നല്ലോ ആഗോളവത്കരണം അഥവാ ഗ്ലോബലൈസേഷൻ. കൂട്ടത്തിൽ ലിബറലൈസേഷനും പ്രൈവറ്റിസേഷനും കൂടെ ചേർന്നപ്പോൾ ഇന്ത്യയുൾപെടെയുള്ള രാജ്യങ്ങൾ പുത്തൻ സാമ്പത്തിക പാതയിലേക്ക് നടന്നു നീങ്ങി. ലോകമൊരു ഗ്രാമം എല്ലാവരും ഒരു കുടക്കീഴിൽ തുടങ്ങിയ മനോഹര മുദ്രാവാക്യങ്ങളുടെ പിൻബലത്തോടെയാണ് വികസിത രാജ്യങ്ങൾ നമ്മെ ആഗോളവത്കരണത്തിന്റെ പുതുപുലരിയിലേക്കു വിളിച്ചുണർത്തിയത്. അടച്ചിട്ടിരുന്ന സമ്പദ് വ്യവസ്ഥകൾ തുറന്നു. രാജ്യങ്ങളുടെ പരാശ്രയത്വം കൂടി. എന്ത് പറയാൻ…നമ്മളോടിക്കുന്ന ഒരു കാറിന്റെ ടയർ മലേഷ്യയും ബോഡി ചൈനയും സാങ്കേതിക വിദ്യ ജപ്പാനും ഒക്കെ സ്‌പോൺസർ ചെയ്ത്, മറ്റെവിടെങ്കിലും അസ്സംബിൾ ചെയ്യപ്പെട്ടു. അമേരിക്കൻ വിപണിയിൽ ലഭിച്ചിരുന്ന ബ്രാൻഡഡ് ഉത്പന്നങ്ങൾ അതേ വിലയിൽ (ഡോളർ രൂപയിലേക്ക് മാറുമ്പോഴുള്ള വിലവ്യത്യാസം ഒഴികെ) നമുക്ക് ലഭിച്ചു തുടങ്ങി. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വിപണികൾ, ഉത്പാദനം ഇവയൊക്കെ ഇന്ന് കടുത്ത പരാശ്രയത്തിലായി. ഒരു സാധനം നിർമിക്കണമെങ്കിൽ ഒന്നിലധികം രാജ്യങ്ങളിൽ നിന്ന് അസംസ്‌കൃത വസ്തുക്കൾ വന്നേ തീരു എന്ന അവസ്ഥയായി. ഈ പരാശ്രയത്വത്തിന്റെ ചങ്കിൽ കത്തി കുത്തിയിറക്കിയിരിക്കുകയാണ് കൊറോണ വൈറസ്.
വൈറസിനെ പുറത്തുനിർത്താനുള്ള തത്രപ്പാടിൽ മറ്റുരാജ്യങ്ങളിൽ നിന്നുള്ള മനുഷ്യരോ വസ്തുക്കളോ വേണ്ടെന്ന് പറയാൻ തുടങ്ങിയതോടെ നിർമാണത്തിന് കൂച്ചുവിലങ്ങായി. അമേരിക്ക പോലുള്ള രാജ്യങ്ങൾ കുടിവെള്ളമുൾപ്പെടെയുള്ള വസ്തുക്കൾക്ക് ആശ്രയിച്ചിരുന്നത് ചൈനയെ ആയിരുന്നു. ഇന്ന് അവശ്യ വസ്തുക്കൾ പോലും യുഎസ് ജനതയ്ക്ക് മുഴുവൻ ലഭ്യമാക്കാൻ ഒരു വികസിത സമ്പദ് വ്യവസ്ഥയ്ക്കാകുന്നില്ല എന്നത് വിരൽ ചൂണ്ടുന്നത് ആഗോളവത്കരണത്തിന്റെ പാളിച്ചയിലേക്കാണ്.
1. പരാശ്രയത്തിൽ നിന്ന് വീണ്ടും സ്വയം പര്യാപ്തതയിലേക്കെന്ന ചിന്ത – കൊറോണ വൈറസ് ഉണ്ടാക്കുന്ന കടുത്ത പ്രതിസന്ധി സമ്പദ് വ്യവസ്ഥകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രേരിപ്പിച്ചേക്കാം. കാരണം രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന വൈറോളജിസ്റ്റുകളും എപിഡമോളജിസ്റ്റുകളും പറയുന്നത് വരാനിരിക്കുന്ന പകർച്ച വ്യാധികളുടെയും മഹാമാരികളുടെയും ഘോഷയാത്രയ്ക്ക് തുടക്കമിടുക മാത്രമാണ് കോവിഡ് 19 എന്നാണ്. ഇതിനുപുറമെ കാലാവസ്ഥാ മാറ്റങ്ങൾ കൊണ്ടുവരുന്ന പ്രകൃതി ദുരന്തങ്ങൾ അടുത്ത വെല്ലുവിളിയാണ്. കൊറോണ വൈറസ് നിയന്ത്രണ വിധേയമാകുന്നതോടെ സ്വയം പര്യാപ്തതയിലേക്കുള്ള ആദ്യ കാൽവയ്പിന് ലോകരാജ്യങ്ങൾ തയ്യാറായേക്കും.
2. വ്യാപാര ഘടനയിൽ മാറ്റമുണ്ടാകാം – കയറ്റുമതി ഇറക്കുമതി രീതികളിൽ മാറ്റമുണ്ടാവാം. അസംസ്‌കൃത വസ്തുക്കളെ പൈറേറ്റ്‌സ് നിന്നാശ്രയിക്കാത്ത വിധത്തിൽ ഇറക്കുമതി മാറാം. അവശ്യ വസ്തുക്കൾ പൂർണമായും സ്വന്തം രാജ്യത്ത് തന്നെ നിർമിക്കാനുള്ള സാഹചര്യങ്ങളൊരുക്കാൻ രാജ്യങ്ങൾ ശ്രദ്ധ പുലർത്താം.
3. തൊഴിൽ വിപണിയിലും മാറ്റം വന്നേക്കാം– രാജ്യാന്തര തലത്തിൽ ആളുകളുടെ നീക്കം പരമാവധി കുറയ്ക്കുന്ന വിധത്തിൽ തൊഴിൽ വിപണിയും മാറിയേക്കാം. തങ്ങൾക്കില്ലാത്ത വിഭവശേഷി വികസിപ്പിച്ചെടുക്കുകയെന്ന തന്ത്രത്തിലേക്ക് രാജ്യങ്ങൾ നീങ്ങാം. അവശ്യ സേവനങ്ങൾക്ക് മാത്രം ഇതര രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ ഉപയോഗിക്കാൻ ശ്രമിച്ചേക്കും. വർക്ക് ഫ്രം ഹോം എന്നൊരു പുതിയ സാധ്യത കൂടുതലായി ഉപയോഗപ്പെടുത്താനും കമ്പനികൾ ശ്രമിക്കും. ആളുകളുടെ എണ്ണം വെട്ടിച്ചുരുക്കി നിലവിലെ നഷ്ടം പരിഹരിക്കാൻ നീക്കമുണ്ടാകാം. നിരവധി ജീവനക്കാരെ ഒരു കൂരയ്ക്ക് കീഴിൽ കൊണ്ടുവന്നു ജോലിയെടുപ്പിക്കുന്നതിന്റെ സാമ്പത്തികവും അതിലുപരിമിയുമായുള്ള സമ്മർദം കുറക്കാനുള്ള ചിന്തയും കോർപ്പറേറ്റ് കമ്പനികളുടെ ഭാഗത്തു നിന്നുണ്ടായേക്കും. ആവശ്യം വരുമ്പോൾ മാത്രം ജോലിക്കാരെ എടുക്കുന്ന സ്ഥിതിയും യൂബറൈസേഷൻ എന്ന അവസ്ഥയെ ത്വരിതപ്പെടുത്താം. പാർട്ട് ടൈം വ്യവസ്ഥയിൽ കൂടുതൽ ജീവനക്കാരെന്നതും കൂടുതൽ സേവനങ്ങൾ ഓൺലൈനിൽ നൽകാനുള്ള സാങ്കേതിക വിദ്യ വികസനവും വന്നേക്കാം. ഓൺലൈൻ വ്യാപാരത്തിന് പുതു സാധ്യതകൾ കൂടെ തുറന്നിട്ടിരിക്കുകയാണ് വൈറസ് .
4. കറൻസി ഉപയോഗം കുറഞ്ഞേക്കും– കുറഞ്ഞ സമയമെങ്കിലും വൈറസ് പേപ്പറിൽ നിലനിൽകുമെന്നത് കറൻസി നോട്ടുകൾ കുറച്ചുപയോഗിക്കാൻ പ്രേരിപ്പിച്ചേക്കാം. ചൈന കോടികൾ മുടക്കിയാണ് കറൻസി അണുവിമുക്തമാക്കിയത്. വൈറസിനെ പേടിച്ചെങ്കിലും ഒരു വിഭാഗം ഡിജിറ്റലാകാം.
ഈ പറഞ്ഞതൊന്നും ഒരു മാസം കൊണ്ടോ വർഷം കൊണ്ടോ വരാൻ പോകുന്ന മാറ്റങ്ങളല്ല. എന്നിരുന്നാലും ദീർഘകാലാടിസ്ഥാനത്തിൽ ഒട്ടേറെ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾക്കു കൂടി കാരണമാകും കൊറോണ വൈറസ്. ഡൊണാൾഡ് ട്രംപിനെപോലെ പ്രാദേശിക വാദത്തിലുറച്ച ഭരണാധികാരികളാവും ഈ ചിന്തകൾക്ക് തുടക്കം കുറിക്കുന്നത്. രോഗവ്യാപനത്തിന് കരണമാകുന്നവരെന്നു മുദ്രകുത്തി ഒരു വിഭാഗത്തെ അകറ്റി നിർത്താനും വെറുക്കാനുമുള്ള മാനസികാവസ്ഥ പോലുമുള്ള സമൂഹം എന്നൊരു മാറ്റവും അന്യമല്ലെന്നു ലോകാരോഗ്യ സംഘടനാ മുന്നറിയിപ്പ് നൽകുന്നു. എന്തായാലും കിരീടാകൃതിയിലുള്ള കൊറോണ വൈറസ് സാമൂഹിക സാമ്പത്തിക മാറ്റങ്ങൾക്കുള്ള കിരീടവും ചെങ്കോലും കൂടിയായേക്കും.
Story Highlights- coronavirus, globalization
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here