എടിഎമ്മിലെ സാനിറ്റൈസർ പോക്കറ്റിലിട്ട് കൊണ്ടുപോയി; കള്ളന് വേണ്ടി പൊലീസ് തെരച്ചിൽ; വിഡിയോ

കൊറോണ വൈറസ് ബാധയെ തുടർന്ന് ആവശ്യക്കാർ ഏറിയ വസ്തുവാണ് ഹാൻഡ് സാനിറ്റൈസർ. ആളുകൾ കൂടുതലായി വാങ്ങിക്കൂട്ടിയ ഹാൻഡ് സാനിറ്റൈസറിന് കുറച്ച് മുൻപ് ക്ഷാമം വരെ നേരിട്ടതാണ്. പിന്നീട് സർക്കാർ ഇടപെട്ട് നിർമാണം വർധിപ്പിച്ചുകൊണ്ടാണ് വിപണിയിലുണ്ടായിരുന്ന ക്ഷാമത്തെ അതിജീവിച്ചത്. കൂടാതെ ബാങ്കുകളിലും എടിഎമ്മുകളിലും മറ്റും സർക്കാർ ഇടപെട്ട് തന്നെ സാനിറ്റൈസർ സ്ഥാപിച്ചിരുന്നു. ആളുകളുടെ സുരക്ഷയെ കരുതിയായിരുന്നു ഈ നീക്കം. എന്നാൽ എടിഎമ്മിൽ വച്ചിരിക്കുന്ന സാനിറ്റൈസർ മോഷിച്ചിരിക്കുകയാണ് ഒരാൾ. മലപ്പുറത്താണ് സംഭവം നടന്നത്.

Read Also: മലപ്പുറത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്ത്

പെരിന്തൽമണ്ണയിലെ അങ്ങാടിപ്പുറത്തെ എടിഎമ്മിൽ വച്ച് ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചതിന് ശേഷം സാനിറ്റൈസർ പാന്റിന്റെ പോക്കറ്റിലിട്ട് ഇറങ്ങിപ്പോകുന്ന ഇയാളുടെ വിഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ദൃശ്യങ്ങളിൽ ഇയാൾ സാനിറ്റൈസർ എടുക്കുന്നതും ആരും കാണുന്നില്ലെന്ന് ഉറപ്പിച്ച് കുപ്പി എടുത്ത് പോക്കറ്റിലിടുന്നതും വ്യക്തമാണ്.സാനിറ്റൈസർ കുപ്പി അടക്കം മോഷ്ടിച്ച കള്ളന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം പൊലീസിന്റെ ഔദ്യോഗിക പേജിൽ വിഡിയോ പോസ്റ്റ് ചെയ്തു. ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായാണ് പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ സാനിറ്റൈസറുകൾ എടിഎമ്മുകളിൽ സ്ഥാപിച്ചത്. നിരവധി ആളുകൾ ഉപയോഗിക്കുന്ന എടിഎമ്മുകളിൽ നിന്ന് രോഗ ബാധ പടരാനുള്ള സാധ്യത ഏറെയാണ്. അത് തടയാൻ വച്ച സാനിറ്റൈസർ ബോട്ടിലാണ് ഇയാൾ കൊണ്ടുപോയത്.

atm, hand sanitizer, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top