ഇടുക്കിയിൽ കൊവിഡ് 19 സ്ഥിരീകരിച്ചയാളുടെ സഞ്ചാരം ആശങ്കപ്പെടുത്തുന്നു: മുഖ്യമന്ത്രി

ഇടുക്കിയിൽ കൊവിഡ് 19 സ്ഥിരീകരിച്ചയാളുടെ സഞ്ചാരം ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുപ്രവർത്തകനായ ഇയാൾ തൊടുപുഴ, കട്ടപ്പന, അടിമാലി, എറണാകുളം, പെരുമ്പാവൂർ, ഷോളയൂർ, മൂവാറ്റുപുഴ, മൂന്നാർ തുടങ്ങി ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്തു. മെഡിക്കൽ കോളജുകൾ, സ്കൂളുകൾ, പൊതുസ്ഥാപനങ്ങൾ, സെക്രട്ടറിയേറ്റ്, നിയമസഭാമന്ദിരം തുടങ്ങി സന്ദർശിച്ച സ്ഥാപനങ്ങളുടെ പട്ടികയും ഒരുപാടാണ്. സമ്പർക്ക പട്ടികയിൽ ഭരണാധികാരികൾ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിൻ്റെ വിവിധ തട്ടുകളിൽ ഉള്ളവരുണ്ട്. സന്ദർശിച്ച സ്ഥലങ്ങളുടെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. എല്ലാവൗം ജാഗ്രതയോടെ കഴിയേണ്ട ഈ അവസരത്തിൽ ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ. രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് സ്വദേശികളാണ്. രണ്ട് പേർ കണ്ണൂർ സ്വദേശികൾ. തൃശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം ആളുകൾ ഒരു ദിവസം അസുഖബാധിതരാവുന്നത്.
ഒരു ലക്ഷത്തി പതിനായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റി ഒന്ന് പേർ നിരീക്ഷണത്തിൽ ഉണ്ട്. ഒരുലക്ഷത്തി ഒൻപതിനായിരത്തി അറുനൂറ്റി എൺപത്തിമൂന്ന് പേർ വീടുകളിലും 616 പേർ ആശുപത്രികളിലുമാണ്. 112 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5679 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 4448 എണ്ണം നെഗറ്റീവാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here