കൊവിഡ് നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞ കൊല്ലം സബ് കളക്ടറെ സസ്പെൻഡ് ചെയ്തു

കൊവിഡ് നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞ കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ സസ്പെൻഡ് ചെയ്തു. കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൽ നാസറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെ വൈകീട്ടോടെയാണ് കൊല്ലം സബ് കളക്ടർ നിരീക്ഷണം ലംഘിച്ച് നാട്ടിലേക്ക് മുങ്ങിയത്. ഈ മാസം 19 ന് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അനുപം മിശ്രയോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇന്നലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാൺപൂരിലെ വീട്ടിൽ ആണെന്നാണ് അറിയിച്ചത്.
സംഭവത്തിൽ സബ് കളക്ടർ അനുപം മിശ്രയ്‌ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം റേഞ്ച് ഐജി സഞ്ജയ് കുമാർ ഗുരുഡിനാണ് ഉത്തരവിറക്കിയത്. വിവരം മറച്ചു വെച്ച ഗൺമാനെതിരെയും ഡ്രൈവർക്കെതിരെയും നടപടിയുണ്ടാകും. 2016 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര.
അതേസമയം, കൂടുതൽ സുരക്ഷിതം എന്ന നിലയ്ക്ക് നാട്ടിലേക്ക് മാറുകയായിരുന്നുവെന്നാണ് സബ് കളക്ടറുടെ വിശദീകരണം. ഔദ്യോഗിക വസതിയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടുവെന്നും ബന്ധുക്കൾ ഒപ്പമില്ലാതിരുന്നതും നാട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചുവെന്നും അനുപം മിശ്ര പറയുന്നു.
Story Highlights: coronavirus, Covid 19, sub collector,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here