ഐപിഎൽ റദ്ദാക്കിയാലും ധോണിക്ക് ലോകകപ്പ് ടീമിൽ ഇടം ലഭിക്കുമെന്ന് ചെറുപ്പകാല പരിശീലകൻ

ഐപിഎൽ റദ്ദാക്കിയാലും ധോണിക്ക് ലോകകപ്പ് ടീമിൽ ഇടം ലഭിക്കുമെന്ന് ചെറുപ്പകാല പരിശീലകൻ കേശവ് രഞ്ജൻ ബാനർജി. കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഏപ്രിൽ 15ലേക്ക് മാറ്റിയ ഐപിഎൽ രാജ്യത്തെ വഷളാവുന്ന സ്ഥിതി പരിഗണിച്ച് റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. ഇതിനിടെയാണ് ധോണിയുടെ പഴയ പരിശീലകൻ്റെ പ്രതികരണം.

“ഈ അവസരത്തിൽ, ഐപിഎൽ നടക്കാൻ സാധ്യതയില്ല. ബിസിസിഐ എന്ത് തീരുമാനിക്കുമെന്ന് കണ്ടറിയാം. ധോണിയുടെ സാധ്യത വിരളമാണ്. എങ്കിലും ടി-20 ലോകകപ്പിൽ അദ്ദേഹത്തിന് ഇടം ലഭിക്കുമെന്നാണ് എൻ്റെ ആറാം ഇന്ദ്രിയം പറയുന്നത്. അത് അദ്ദേഹത്തിൻ്റെ അവസാന ലോകകപ്പായിരിക്കും. (പരിശീലനത്തിനു ശേഷം) ചെന്നൈയിൽ നിന്ന് തിരികെ വന്നപ്പോൾ ഞാൻ ധോണിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം പൂർണമായും ഫിറ്റാണ്. നമുക്ക് ബിസിസിഐ തീരുമാനത്തിനു കാത്തിരിക്കാം. ഐസിസി ടൂർണമെൻ്റുകളൊക്കെ ജൂൺ വരെ നിർത്തിവച്ചിരിക്കുകയാണ്. കാത്തിരുന്ന് കാണണം.”- അദ്ദേഹം പറഞ്ഞു.

നേരത്തെ, മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിക്ക് ഇനി ഒരു തിരിച്ചുവരവ് അസാധ്യമാണെന്ന് ഇന്ത്യയുടെ ഇതിഹാസ താരം കപിൽ ദേവ്. ധോണിക്ക് തിരിച്ചു വരവ് ഏറെക്കുറെ ബുദ്ധിമുട്ടാണെന്നും കുറേക്കാലം പുറത്തിരുന്നിട്ട് പെട്ടെന്ന് തിരികെ വരാൻ ആർക്കും കഴിയില്ലെന്നും കപിൽ ദേവ് പറഞ്ഞു.

അതേ സമയം, ടി-20 ലോകകപ്പ് ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെന്ന് ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോഡ് വെളിപ്പെടുത്തിയിരുന്നു. അതും ധോണിയുടെ തിരിച്ചു വരവിന് തിരിച്ചടിയാണ്. ഋഷഭ് പന്തിൻ്റെ മോശം ഫോമിൻ്റെ പശ്ചാത്തലത്തിലാണ് ധോണി ലോകകപ്പ് ടീമിൽ ഇടം പിടിച്ചേക്കുമെന്ന സൂചനകൾ ഉയർന്നത്. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാൽ ധോണി ടീമിലുണ്ടാവുമെന്ന് പരിശീലകൻ രവി ശാസ്ത്രി അറിയിക്കുകയും ചെയ്തു. എന്നാൽ, വിക്രം റാത്തോഡിൻ്റെ വെളിപ്പെടുത്തൽ ഇതൊക്കെ അസ്ഥാനത്താക്കി.

Story Highlights: MS Dhoni “Will Get A Chance In T20 World Cup” Even If IPL Is Cancelled, Says Childhood Coach

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top