Advertisement

ആകെ കാണുന്നത് ഓടി തളർന്നു കിടക്കുന്ന കുറെ കാറുകളും അവയ്ക്കിടയിൽ ഓടി നടക്കുന്ന നായ്ക്കളെയും മാത്രം; കൊറോണ കാലത്തെ ഫരീദാബാദിനെക്കുറിച്ച് കുറിപ്പ്

March 27, 2020
2 minutes Read

കൊറോണ കാലത്തെ ഫരീദാബാദിനെക്കുറിച്ചുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ഈലം എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ജയ മേനോനാണ് ഫരീദാബാദിൽ നിന്നും കൊറോണയെ കുറിച്ച് എഴുതിയിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം

ഡൽഹി ഹരിയാന ബോർഡറിനോട് തൊട്ടു കിടക്കുന്ന ഫരീദാബാദ് എന്ന നഗരത്തിന്റെ മുഖഛായയും കൊറോണ എന്ന വൈറസ് വികൃതമാക്കിയിട്ടുണ്ടെന്നു വേണം പറയാൻ. അതിന് ചെറിയൊരു ഉദാഹരണമാണ് ഇവിടുത്തെ ചില വീടുകളുടെ ഗേറ്റിലുള്ള നെയിം പ്ലേറ്റിൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ വാണിംഗ് നോട്ടീസ് കാണുന്നത്. അത് ഇങ്ങിനെയാണ്‌ ‘ Do not visit , Home under Quarantine’ അത് കഴിഞ്ഞു അവിടെ ഒബ്സെർവഷനിൽ കഴിയുന്ന രോഗികളുടെ പേരുവിവരങ്ങളും, പിന്നെ എന്ന് തൊട്ട് എന്ന് വരെ അവർ ഒബ്സെർവഷനിൽ ആണെന്ന വിവരങ്ങളും അതിൽ കൃത്യമായി എഴുതിയിട്ടുണ്ട് .

ഞങ്ങൾ താമസിക്കുന്ന അശോക എൻക്ലേവിൽ മലയാളികളടക്കമുള്ള മുഴുവൻ ജനങ്ങളും ഭീതിയുടെ ഒരു മുഖാവരണം അണിഞ്ഞിട്ടുണ്ടെന്നു പറയാതെ വയ്യ . ജനജീവിതം മുഴുവനായും സ്തംഭിച്ചിട്ടില്ലെങ്കിലും റോഡുകളിൽ വാഹനങ്ങൾ നന്നേ കുറവാണ്. രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെ അവശ്യസാധനങ്ങൾ എല്ലാം കിട്ടുന്നുണ്ട്. എടിഎം മെഷിനുകൾ പ്രവർത്തിക്കുന്നുണ്ട്. മെഡിക്കൽ സ്റ്റോറുകൾ തുറന്നിട്ടുണ്ട്. ബീവറേജ് ഷോപ്പുകളിൽ മദ്യം ലഭ്യമാണ്. ഗ്രോസറി ഷോപ് തുറന്നിട്ടുണ്ട്. ഇവിടെ ആളുകൾ നിശ്ചിത അകലം പാലിച്ചാണ് സാധനങ്ങൾ വാങ്ങാൻ അകത്തേക്ക് പ്രവേശിക്കുന്നത്. ഒരു ഫാമിലിയിലെ ഒരു അംഗത്തിന് മാത്രം അകത്തേക്ക് പോകാം.

ലോക് ഡൗൺ രണ്ടു ദിവസങ്ങളിൽ കണ്ട കാഴ്ചകൾ..

ലോക് ഡൗൺ ദിവസങ്ങളിൽ ആദ്യം കണ്ടത് പൊല്യൂഷൻ ഇല്ലാത്ത എന്റെ നഗരത്തെയാണ്. ശുദ്ധവായു ശ്വസിക്കുന്ന നഗരം. .വാഹനങ്ങളുടെ കുറവാണ് അതിനു കാരണം. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം തുടങ്ങിയ 21 ദിവസത്തെ ലോക് ഡൗൺ ഇവിടെയുള്ള ജനങ്ങളും സ്വീകരിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഞാൻ ഇന്ന് രാവിലെ വീടിന്റെ അടുത്ത് തന്നെയുള്ള ഗ്രോസറി ഷോപ്പിൽ പോയപ്പോൾ കണ്ട കാഴ്ച . റോഡിൽ വളരെ കുറച്ചു മാത്രം ഓടുന്ന മോട്ടോർ വാഹനങ്ങൾ ..നിറയെ പച്ചക്കറികടക്കാർ നിരന്നിരിക്കുന്ന മാർക്കറ്റിൽ രണ്ടു മൂന്ന് കടകൾ മാത്രമാണുള്ളത്. പൊലീസ് ആദ്യദിവസം വെറും രണ്ടു മണിക്കൂർ മാത്രം സമയമാണ് അവർക്കു സാധനങ്ങൾ വിൽക്കാൻ കൊടുത്തിരിക്കുന്നത്, “ഇനി വരും ദിവസങ്ങളിൽ ഞങ്ങളുടെ അവസ്ഥ എന്താണെന്ന് അറിയില്ല ” “വൈറസിനെയും പേടിക്കണം പൊലീസിനെയും പേടിക്കണം.” 40 വയസ് തോന്നിപ്പിക്കുന്ന കടക്കാരൻ വേവലാതിയോടെ പറയുന്നു .

മറ്റൊരു കാഴ്ച കണ്ടത് ഷട്ടർ അടച്ചിട്ട ഗ്രോസറി കടയുടെ മുമ്പിൽ അക്ഷമനായി കാത്തു നിൽക്കുന്ന സെക്യൂരിറ്റി ഗാർഡിനെയാണ്. രാംപാൽ, എപ്പോൾ കട തുറക്കുമെന്നു ചോദിച്ചപ്പോൾ ‘അറിയില്ല’ എന്നാണു പറഞ്ഞത്. പ്രധാനമന്ത്രിയുടെ 21 ദിവസത്തെ ലോക് ഡൗൺ വിവരങ്ങൾ എല്ലാം അയാൾക്കറിയാം. സാധാരണ വരുന്ന വഴിയായ ഡൽഹി ഹരിയാന ബോർഡറില് പൊലീസ് കടത്തി വിടാത്തതിൽ മറ്റൊരു വഴിയിലൂടെ കഷ്ടപ്പെട്ട് വന്നതിന്റെ പരാതി പറയുന്നുണ്ട്. കൂടെ പ്രധാനമന്ത്രി പറയുന്ന പോലെ കാര്യങ്ങൾ നടക്കുമോ എന്നൊരു സംശയവും. പിന്നെ വളരെ സങ്കടത്തോടെ പറഞ്ഞു. മാഡം എനിക്ക് ഈ കൊറോണ രോഗം പിടിപെട്ട് , ജോലി നഷപെട്ടാൽ വീട്ടിൽ പിന്നെ പട്ടിണിയാണ്.. രണ്ടു പെണ്മക്കൾ കല്യാണം കഴിച്ചു പോയി ഞാനും എന്റെ ബീവിയും മാത്രേ ഉള്ളൂ വീട്ടിൽ ..അവളുടെ വീട്ടുജോലിയും ഇപ്പോൾ ഇല്ലാതായി ..രണ്ടു മാസം ഇത് ഇങ്ങിനെ നീണ്ടു പോകുമോ ?” എല്ലാം പെട്ടന്ന് ശെരിയാകുമെന്നു പറഞ്ഞു ഞാൻ അയാളെ കുറച്ചൊന്നു ആശ്വസിപ്പിച്ചു.


ലോക് ഡൗൺ ആദ്യ ദിവസം വടക്കേ ഇന്ത്യയിൽ ആഘോഷിക്കപ്പെടുന്ന രാമനവമി തുടങ്ങുന്ന ദിവസം കൂടിയാണ് ..അതുകൊണ്ടു തന്നെ പൂക്കൾ വില്പനക്കാർക്കും വരുന്ന ഒൻപത് ദിവസം നല്ല കച്ചവടം കിട്ടുന്ന സമയമായിരുന്നു. അവിടെ ഒരു സ്ത്രീ മാത്രം പൂക്കൾ വിൽക്കുന്നത് കണ്ടു. അവരുടെ മുഖത്തും മണമില്ലാത്ത പൂക്കളെ പോലെ നിസംഗഭാവമായിരുന്നു. “പൂജക്ക്‌ പൂക്കൾ വാങ്ങാനായി അധികമാരും വരുന്നില്ല , അമ്പലത്തിലെ ദൈവത്തിനു ഇപ്പോൾ പൂജ ആരും ചെയ്യുന്നില്ല. വീട്ടിലെ ദൈവത്തിനെയും ആരും പൂജിക്കാതെ ആയോ ” ചുവന്ന സാരിത്തുമ്പ് നെറ്റിവരെ മറച്ചു കൊണ്ട് അവൾ പൂക്കളെ നോക്കി പറഞ്ഞു.

ഇവിടെയുള്ള മറ്റൊരു ദുരവസ്ഥ വീട്ടുജോലിക്ക് പോകുന്നവരുടേതാണ്. അവരിൽ ഭൂരിഭാഗവും ബംഗാളികളും ബിഹാറികളുമാണ്. ഫരീദാബാദിൽ ഞാൻ താമസിക്കുന്ന വീട്ടിലെ ജോലിക്കാരി ഛവി വന്നിട്ടിപ്പോൾ നാല് ദിവസമായി. അതിനു മുമ്പേ തന്നെ പലരും വീട്ടു ജോലിക്കാരോട് പുറത്തു ഗേറ്റിൽ നിന്ന് തന്നെ വരേണ്ട എന്ന് മുഖം വീർപ്പിച്ചു പറഞ്ഞിരുന്നു ..”പണ്ട് പനിയായി ഒരു ദിവസം ലീവ് എടുത്തപ്പോൾ വഴക്കായിരുന്നു. ഇപ്പോൾ പണിക്കു ചെല്ലുമ്പോഴാണ് വഴക്ക്” ഛവി മുറുമുറുത്തു കൊണ്ട് പറയുന്നു..

അതിനു പുറമെ ഓരോ ഗേറ്റിലുമുള്ള സെക്യൂരിറ്റി ഗാർഡുകളും അവരെ അകത്തേക്ക് കടത്തി വിടുന്നില്ല. ഞാൻ ഫോൺ ചെയ്യുമ്പോൾ ബംഗാളിയായ അവൾ പറയുന്നു ദീദി ഇനി ഞങ്ങൾ എന്ത് ചെയ്യും എത്ര ദിവസം ഇങ്ങിനെ കഴിയുമെന്ന് പറഞ്ഞു സങ്കടപെടുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം എത്തിച്ചു തരാമെന്നു ഞാൻ അവൾക്കു വാക്ക് കൊടുത്തു ..അല്ലാതെ എന്ത് ചെയ്യാൻ കഴിയും ..ജോലിക്കു പോകാത്ത ദിവസങ്ങളിലെ പൈസ നഷപെടുമോ എന്ന വിഷമവും അവൾക്കുണ്ട് ..

ഈ ലോക് ഡൗൺ ദിവസങ്ങളിലും സാധാരണ വരാറുള്ള ഒരു പച്ചക്കറി വിൽപ്പനക്കാരൻ വരുന്നുണ്ട് . ഇന്നും വന്നപ്പോൾ ഞാൻ താഴെ പോയി അവനോടു ചോദിച്ചു എങ്ങിനെ ഇങ്ങോട്ടു വരുന്നുയെന്ന് ..ഇവിടെ അടുത്തുതന്നെയാണ് താമസമെന്നും സെക്യൂരിറ്റി ഗാർഡ് അകത്തേക്ക് വരാൻ അനുവാദം തന്നു എന്നും ..

“ദീദി പച്ചക്കറിക്ക് ഒക്കെ ഇരട്ടി വിലയായി ഒന്നും കിട്ടാനില്ല, എങ്കിലും ഞാൻ ദിവസവും വരാം, എന്തെങ്കിലും അത്യാവശ്യം പച്ചക്കറി വേണമെങ്കിൽ ഫോൺ ചെയ്‌താൽമതി എപ്പോൾ വേണമെങ്കിലും എത്തിച്ചു തരാം” അയാൾ വളരെ ദയനീയമായി എന്നോട് പറഞ്ഞു .

ഞാൻ സാധാരണ വീട്ടിലിരുന്നു കാണുന്ന മറ്റൊരു കാഴ്ച ഏതാണ്ട് ഉച്ച സമയത്ത് ഭക്തി ഗാനം ഉച്ചത്തിൽ വെച്ച് കൊണ്ട് വരുന്ന ഒരു റിക്ഷാവണ്ടിയാണ് ..അത് വരുന്നത് ‘ഗോ മാതാവിന്’ ഭക്ഷണം കളക്ട് ചെയ്യാനാണ്..ഓരോ വീട്ടുകാരും ഗോമാതാവിനു വേണ്ടി ഒന്നോ രണ്ടോ റൊട്ടി ദിവസവും ആ വണ്ടിക്കാരന് കൊടുക്കും. ലോക്ക് ഡൗൺ തുടങ്ങിയ ഈ രണ്ടു ദിവസങ്ങളിലും അയാൾ കൃത്യമായി വന്നു. ഇവിടെ ഫരീദാബാദിൽ കൊറോണക്കാലത്തും ഗോമാതാവിനു ആനുകൂല്യമാണ് .! എല്ലാവരും ഭക്ഷണം കൊടുക്കുന്നുമുണ്ട്.

രണ്ടു ദിവസം ഇടവിട്ട് വേസ്റ്റ് എടുക്കാൻ ആൾ വരുന്നുണ്ട് . റോഡ് അടിച്ചു വാരുന്ന സ്വീപ്പർസ് ഇടക്ക് വരുന്നുണ്ട്.

ഈ ദിവസങ്ങളിൽ എന്റെ ബാൽക്കണിയിൽ മോട്ടോർ വാഹനങ്ങളുടെ ഹോൺ ശബ്ദം ഇല്ല, പാഞ്ഞു പോകുന്ന ബൈക്കിന്റെ മുരൾച്ചയില്ല, തിരക്കേറിയ ദിവസത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ആളുകളുടെ പരക്കം പാച്ചിലിന്റെ അങ്കലാപ്പില്ല.. ആകെ കാണുന്നത് ഓടി തളർന്നു മയങ്ങി കിടക്കുന്ന കുറെ കാറുകളും അവയ്ക്കിടയിൽ തലങ്ങും വിലങ്ങും ഓടി നടക്കുന്ന നായ്ക്കളും മാത്രം ..പിന്നെ കൊറോണയെ കുറിച്ച് ഒന്നും അറിയാതെ ശുദ്ധവായു ശ്വസിക്കുന്ന മരങ്ങളിൽ കാറ്റിന്റെ താളത്തിനൊത്തു പറന്നു നടക്കുന്ന കിളികളുടെ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ട് .
ഈ സമയത്തും രാത്രിയും പകലും കൊറോണയെ അതിജീവിച്ചു കാവൽ നിൽക്കുന്ന ഞങ്ങളുടെ സെക്യൂരിറ്റി ഗാർഡിനെ സല്യൂട്ട് ചെയ്യാതെ വയ്യ ..അവർക്കു കൂട്ടായി ഇപ്പൊൾ നായ്ക്കൾ ആണ് റോഡിലുള്ളത് ..ആ തെരുവ് നായ്ക്കൾക്കു ചില വീട്ടുകാർ സ്പെഷ്യൽ റൊട്ടി ഉണ്ടാക്കി കൊടുക്കുന്നുണ്ട് ..മനുഷ്യനിൽ ഇനിയും നന്മകൾ ബാക്കിയുണ്ട് . അത് കൊണ്ട് തന്നെ ഈ വൈറസിന്റെ മുമ്പിൽ നമ്മൾ മുട്ട് കുത്തില്ല ….

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top