നഴ്സുമാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം : കെകെ ശൈലജ

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നഴ്സുമാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. രോഗികളുമായി ഏറ്റവുമധികം അടുത്തിടപഴകുന്നവരാണ് നഴ്സുമാര്‍. അതിനാല്‍ ആരോഗ്യ വകുപ്പ് നിഷ്‌ക്കര്‍ഷിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലായിപ്പോഴും പാലിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ രോഗിയായി മാറുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി അറിയിച്ചു.

‘രോഗിയെ ശുശ്രൂഷിച്ച നമ്മുടെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഓര്‍മപ്പെടുത്തുന്നു. ആ കുട്ടിയെ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ആരോഗ്യ വകുപ്പിന്റെ പിന്തുണയറിയിക്കുകയും ചെയ്തു. വളരെ ആത്മവിശ്വാസത്തോടെയാണ് ആ ജീവനക്കാരി സംസാരിക്കുന്നത്. ഈ ആത്മവിശ്വാസം എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നല്‍കുന്നു. ഇനിയൊരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചികിത്സയുടെ ഭാഗമായി ഈ രോഗം പകരാതെ എല്ലാവരും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ് ‘ മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

സംസ്ഥാനത്തെ 45 ആശുപത്രികളിലെ നഴ്സിംഗ് സൂപ്രണ്ടുമാരുമായി ആരോഗ്യ മന്ത്രി ഇന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിരുന്നു. കൊവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ആശുപത്രികളുടെ യഥാര്‍ത്ഥ ചിത്രം മനസിലാക്കാനും അവരുടെ അഭിപ്രായം കൂടി വിലയിരുത്തുന്നതിനും വേണ്ടിയാണ് ചര്‍ച്ച നടത്തിയതെന്ന് മന്ത്രി പറഞ്ഞു.

Story Highlights- Nurses, safety standards. KK Sailaja, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top