കൊവിഡ് ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശിയുമായി അടുത്തിടപഴകിയവർ നിരീക്ഷണത്തിൽ

കൊറോണ ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശിയുമായി അടുത്തിടപഴകിയവർ കർശന നിരീക്ഷണത്തിൽ. വിമാനത്തിൽ ഒപ്പം സഞ്ചരിച്ചവർ, ഫ്‌ളാറ്റിലെ താമസക്കാർ എന്നിവരാണ് ഹോം ക്വാറന്റീനിലുള്ളത്. യാക്കൂബ് സേഠ് ആശുപത്രിയിലായ വിവരം അറിഞ്ഞ ശേഷം സമീപവാസികളായ ആരും ഈ പ്രദേശത്തേയ്ക്ക് പോകാറില്ല.

ദുബായിൽ നിന്ന് കഴിഞ്ഞ 16ന് എത്തിയ ഇദ്ദേഹം 22നാണ് രോഗബാധിതനായി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തുന്നത്. ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവന്ന ഡ്രൈവറും ഭാര്യയും രോഗബാധിതരായി ചികിത്സയിലാണ്. ദുബായിൽ നിന്ന് സേട്ട് മടങ്ങിയെത്തിയ വിമാനത്തിലെ 49 യാത്രക്കാർ നിരീക്ഷണത്തിലുണ്ട്.

മട്ടാഞ്ചേരി ചുള്ളിക്കൽ സൂം റസിഡൻസിയിലാണ് ഇവർ താമസിച്ചിരുന്നത്. പത്ത് കുടുംബങ്ങളുള്ള ഫ്‌ളാറ്റിൽ 43 പേരാണ് താമസിക്കുന്നത്. ഇദ്ദേഹം ചികിത്സയിൽ ആയതോടെ ഇവരെല്ലാവരും നിരീക്ഷണത്തിൽ കഴിയുകയാണ്. ഫ്‌ളാറ്റിന്റെ ഏറ്റവും മുകളിലെ നിലയിലായിരുന്നു യാക്കൂബ് ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. താഴത്തെ നിലയിൽ ഇവരുടെ മകളും കുടുംബവും താമസിക്കുന്നുണ്ട്. ഇവരും നിരീക്ഷണത്തിലാണ്. മകൾ പിതാവിനെ സന്ദർശിച്ചതിനെ തുടർന്നാണ് സമ്പർക്ക വിലക്കിലായത്. ഇവരുടെ വീട്ടിൽ ജോലിക്കുവന്ന സ്ത്രീയും സമ്പർക്ക വിലക്കിലാണ്.

ഇവർ ആശുപത്രിയിലായ വിവരം അറിഞ്ഞ ശേഷം സമീപവാസികളായ ആരും ഈ പ്രദേശത്തേയ്ക്ക് പോകാറില്ല. എന്നാൽ ഫ്‌ളാറ്റിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആരോഗ്യ പ്രവർത്തകർ ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്. താഴെ ഭക്ഷണം വച്ച ശേഷം ഫോണിൽ വിളിച്ചറിയിക്കുകയാണ് പതിവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top