മദ്യാസക്തി കൂടുന്നവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം എത്തിച്ചുനൽകും

മദ്യാസക്തി കൂടുന്നവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്ടർ നിർദേശിച്ചാൽ മാത്രമായിരിക്കും നൽകുക. ഇവർക്ക് മദ്യം വീട്ടിൽ എത്തിച്ചുനൽകും. എക്‌സൈസ് വകുപ്പിനായിരിക്കും ഇതിന്റെ ചുമതലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടിയത് ചില ഗുരുതര പ്രശ്‌നങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മദ്യത്തിന് അടിമപ്പെട്ടവർക്കായി പ്രത്യേകം ചികിത്സയും കൗൺസിലിംഗും നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

മദ്യാസക്തിയിൽ പ്രശ്‌നങ്ങളുള്ളവരുടെ വിവരങ്ങൾ വിമുക്തി ടോൾഫ്രീ നമ്പരായ 14405 ൽ വിളിച്ചറിയിച്ചാൽ എക്‌സൈസ് ഉദ്യോഗസ്ഥർ എത്തി അവരുടെ വാഹനത്തിൽ സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കും. ഇക്കാര്യത്തിൽ കൂടുതൽ ഇടപെടൽ എങ്ങനെ നടത്താം എന്നുള്ളതിനെ കുറിച്ച് തിങ്കളാഴ്ച ചേരുന്ന ഉന്നത തല യോഗം ചർച്ച ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top