അതിഥി തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങൾ നൽകുമെന്ന് ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി

ലോക്ക് ഡൗണില്‍ അതിഥി തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങൾ നൽകുമെന്ന് ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലുള്ള അതിഥി തൊഴിലാളികളെ കുറിച്ച് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആരാഞ്ഞിരുന്നുവെന്നും അതിഥി തൊഴിലാളികൾക്ക് വേണ്ടി സ്വീകരിച്ച മുൻകരുതൽ ചൂണ്ടിക്കാട്ടി അവർക്ക് മറുപടി നൽകിയതായും മുഖ്യമന്ത്രി. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്. മലയാളത്തിൽ കൂടാതെ ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും ഇക്കാര്യത്തിന്മേലുള്ള കുറിപ്പ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നല്‍കിയിട്ടുണ്ട്.

കുറിപ്പ് വായിക്കാം,

കേരളത്തിലുള്ള അതിഥി തൊഴിലാളികളെ സംബന്ധിച്ച് വിവിധ മുഖ്യമന്ത്രിമാർ കത്തുകളിലൂടെ വിവരങ്ങൾ ആരാഞ്ഞിരുന്നു. തമിഴ്‌നാട്, നാഗാലാൻറ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മണിപ്പൂർ മുഖ്യമന്ത്രിമാർക്ക് ഇക്കാര്യത്തിൽ സംസ്ഥാന ഗവൺമെന്റ് സ്വീകരിച്ച കരുതൽ ചൂണ്ടിക്കാട്ടി മറുപടി അയച്ചു. അതിഥി തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങൾ നൽകുമെന്ന് അവർക്ക് ഉറപ്പ് നൽകി. ഈ വിഷയം കൈകാര്യം ചെയ്യാൻ സംസ്ഥാനതലത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. കൂടുതൽ ഇടപെടലുകൾ ആവശ്യമെങ്കിൽ അദ്ദേഹത്തെയോ കളക്ടർമാരെയോ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രിമാരെ അറിയിച്ചിട്ടുണ്ട്.

അതേസമയം കോട്ടയത്ത് ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം നടന്നു. പായിപ്പാട് ആണ് സംഭവം. നാട്ടിലേയ്ക്ക് പോകാൻ വാഹനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇതരസംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങിയത്. പായിപ്പാട് താമസിച്ചു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നിരത്തിലിറങ്ങി പ്രതിഷേധിച്ചത്. ഭക്ഷണം എത്തിച്ചു നൽകാൻ തൊഴിൽ ഉടമകൾ തയാറാകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. നാട്ടിലേയ്ക്ക് മടങ്ങി പോകാൻ അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

 

 

coronavirus, lock down, pinarayi vijayan, migrant workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top