‘വിവാഹത്തിന് 50 പേർ പങ്കെടുത്തിട്ടില്ല, പരാതി അടിസ്ഥാന രഹിതം’; ആരോപണങ്ങൾ തള്ളി വനിതാ ലീഗ് നേതാവ്

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി വനിതാ ലീഗ് നേതാവ് നൂർബിന റഷീദ്. പരാതി അടിസ്ഥാന രഹിതമാണെന്നും തനിക്കെതിരെ ആസൂത്രിത നീക്കമുണ്ടെന്നും നൂർബിന ട്വന്റിഫോറിനോട് പ്രതികരിച്ചു.

21-ാം തീയതി കോഴിക്കോട് ഒരു ഹാളിൽ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
20 വരെ ആരോഗ്യ വകുപ്പോ കോഴിക്കോട് കോർപ്പറേഷനോ വിവാഹത്തിന് തടസം പറഞ്ഞിരുന്നില്ല. മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും വിവാഹത്തിന് അൻപതിൽ കുറഞ്ഞ ആളുകൾ പങ്കെടുക്കണമെന്നുമായിരുന്നു നിർദേശം. ഇതനുസരിച്ച് വിവാഹം ലളിതമായി നടത്താൻ തീരുമാനിക്കുകയായിരുന്നു.

വീട്ട് മുറ്റത്ത് വച്ചാണ് വിവാഹം നടത്തിയത്. തന്റെ കുടുംബാംഗങ്ങളോ ഭർത്താവിന്റെ പിതാവോ പങ്കെടുത്തില്ല. അടുത്ത ബന്ധുക്കൾ ആരും തന്നെ ഉണ്ടായിരുന്നില്ല. വിവാഹം നടക്കുമ്പോൾ നിരോധനാജ്ഞ നിലവിൽ വന്നിരുന്നില്ലെന്നും നൂർബിന റഷീദ് പറഞ്ഞു. തന്റെ മകൻ എത്തിയത് ഹ്യൂസ്റ്റണിൽ നിന്നാണ്. മകൻ വരുമ്പോൾ അത്രയ്ക്ക് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. മകന് ക്വാറന്റീൻ നോട്ടീസ് ലഭിച്ചിരുന്നില്ലെന്നും നൂർബിന പറഞ്ഞു.

read also: കൊവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹം; വനിതാ ലീഗ് നേതാവിനെതിരെ കേസ്

കേസെടുത്തതുമായി ബന്ധപ്പെട്ട് തന്നോട് ഇതുവരെ വിശദീകരണം തേടിയിട്ടില്ല. നിക്കാഹ് നടത്തിയത് ഭർത്താവാണ്. വീട് ഭർത്താവിന്റെ പേരിലാണ്. പക്ഷേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് തനിക്കെതിരെ. ഇതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നാണ് കരുതുന്നതെന്നും നൂർബിന റഷീദ് കൂട്ടിച്ചേർത്തു.

അമേരിക്കയിൽ നിന്നെത്തിയ മകൻ ക്വാറന്റീൻ ലംഘിച്ചുവെന്നും മകളുടെ വിവാഹത്തിന് 50 ൽ പരം ആളുകളെ പങ്കെടുപ്പിച്ചെന്നുമാണ് നൂർബിനയ്‌ക്കെതിരെ ഉയർന്ന ആരോപണം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിൽ നൂർബിനയ്ക്കും മകനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top