സംസ്ഥാനത്ത് ജലദോഷപ്പനി വർധിക്കുന്നു; കൊവിഡ് സമൂഹ വ്യാപന സാധ്യത തള്ളാതെ കെ.ജി.എം.ഒ.എ

സംസ്ഥാനത്ത് കൊവിഡ് 19 സമൂഹ വ്യാപന സാധ്യത തള്ളിക്കളയാതെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. സംസ്ഥാനത്ത് ജലദോഷപ്പനി വർധിക്കുന്നത് സൂചനയായി കാണണം. ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധന വേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ജലദോഷപ്പനിയുമായി നിരവധിയാളുകൾ എത്തുന്നുണ്ട്. ഇത് ഗൗരമായി കാണണമെന്നാണ് കെ.ജി.എം.ഒ.എ ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കെ.ജി.എം.ഒ.എ വിശദമായ കുറിപ്പ് നൽകി.

അതേസമയം, ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം ലഭ്യമാക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേയും കെ.ജി.എം.ഒ.എ രംഗത്തെത്തി. മുഖ്യമന്ത്രിയുടേത് ദൗർഭാഗ്യകരമായ പ്രസ്താവനയെന്നാണ് കെ.ജി.എം.ഒ.എ പ്രതികരിച്ചു. മദ്യാസക്തിക്ക് മരുന്ന് മദ്യമല്ലെന്നും കെ.ജി.എം.ഒ.എ പറഞ്ഞു. തികച്ചും അശാസ്ത്രീയവും അധാർമികവുമായ തീരുമാനം പുനഃപരിശോധിക്കണമെന്നും ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top