തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക ലോക്ക്ഡൗണിനുശേഷം പ്രസിദ്ധീകരിക്കും

തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ലോക്ക്ഡൗണ്‍ അവസാനിക്കുന്നമുറയ്ക്ക് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കാലാവധി അവസാനിക്കുന്ന നവംബര്‍ 11 ന് മുന്‍പ് പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികളാണ് കമ്മീഷന്‍ സ്വീകരിക്കുന്നത്. വോട്ടര്‍ പട്ടിക തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. മാര്‍ച്ച് 27 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്.

എന്നാല്‍, കൊവിഡ് 19 വ്യാപനം തടയുന്നതിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തുടര്‍നടപടി നിര്‍ത്തിവയ്ക്കാന്‍ കമ്മീഷണര്‍ ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷവും പേര് ചേര്‍ക്കുന്നതിനും ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുന്നതിനും രണ്ട് അവസരങ്ങള്‍ നല്‍കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. വാര്‍ഡ് വിഭജനത്തിന് ശേഷവും തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുമാണ് അവസരങ്ങള്‍ നല്‍കുക. അപ്പോള്‍ ലഭിക്കുന്ന അപേക്ഷകള്‍ കൂടി പരിഗണിച്ചതിനുശേഷമായിരിക്കും അന്തിമ വോട്ടര്‍ പട്ടിക തയാറാക്കുക.

Story Highlights- voter list will be published after the lockdown, local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top