അടിയന്തര സേവന വാഹനങ്ങൾക്ക് റിലയൻസ് പെട്രോൾ പമ്പുകളിൽ സൗജന്യ ഇന്ധനം നൽകും

കൊവിഡ് രോഗ ബാധിതരുമായി പോകുന്ന അടിയന്തര സേവന വാഹനങ്ങൾക്ക് സഹായവുമായി റിലയൻസ്. കേരളത്തിലെ കൊവിഡ് രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് സൗജന്യ ഇന്ധനം നൽകും. ഏപ്രിൽ 14 വരെ സൗജന്യ ഇന്ധനം നൽകുമെന്ന് റിലയൻസ് അറിയിച്ചു. കേരളത്തിൽ 12 ജില്ലകളിലുള്ള 37 റിലയൻസ് പെട്രോൾ പമ്പുകളിലാണ് ഇന്ധനം സൗജന്യമായി നൽകുക. 50 ലിറ്റർ ഇന്ധനം സൗജന്യമായി ദിവസേന കൊടുക്കുന്നതാണ്. ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം, പൊലീസ് എന്നിവർ നൽകുന്ന അംഗീകാര പത്രം കമ്പനിയുടെ ഏത് പമ്പിൽ കാണിച്ചാലും സൗജന്യമായി ഇന്ധനം ലഭിക്കുമെന്ന് റിലയൻസ് അധികൃതർ വ്യക്തമാക്കി.

Read Also: ലോക്ക് ഡൗൺ: ദിവസേന 2 ജിബി ഡേറ്റ സൗജന്യം; പുതിയ ഓഫറുമായി ജിയോ

അതേസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് ഏഴ് പേർക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ രണ്ട് പേർക്ക് വീതവും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. പത്തനംതിട്ട, കണ്ണൂർ ജില്ലകളിലുള്ള രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് ഒരു ലക്ഷത്തി അറുപത്തിമൂവായിരത്തിനൂറ്റിഇരുപത്തിയൊൻപത് പേരാണ്. വീടുകളിൽ ഒരുലക്ഷത്തി അറുപത്തിരണ്ടായിരത്തി നാനൂറ്റി എഴുപത്തൊന്ന് പേരും ആശുപത്രികളിൽ 658 പേരും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 150 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 6381 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

 

reliance, coronavirus, petrol

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top