ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് റെയിൽവേയും വിമാനക്കമ്പനികളും

രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കെ ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് ഇന്ത്യൻ റെയിൽവേയും വിമാനക്കമ്പനികളും.
നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ ഏപ്രിൽ 14 ന്‌ശേഷം നീട്ടില്ല എന്ന കേന്ദ്ര സർക്കാർ വിശദീകരണം വന്നതിനു പിന്നാലെയാണിത്.
ഏപ്രിൽ 14-ന് ശേഷം ലോക്ക് ഡൗൺ നീട്ടില്ലെന്ന് കേന്ദ്ര സർക്കാരിൽ നിന്ന് വ്യക്തത ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് ബുക്കിംഗ് പുനഃരാരംഭിച്ചതെന്ന് ഇന്ത്യൻ റെയിൽവേയെ ഉദ്ധരിച്ച് ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.
വിമാനകമ്പനികളിൽ സ്പൈസ്ജെറ്റ്, ഇൻഡിഗോ, ഗോ എയർ എന്നിവരാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. നിലവിൽ ആഭ്യന്തര സർവീസുകളുടെ ബുക്കിംഗ് മാത്രമാണ് ഉള്ളത്. എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകളൊന്നും തന്ന കമ്പനികളുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല.
അതേസമയം, ലോക്ക് ഡൗൺ ഏപ്രിൽ 14 ന് ശേഷവും നീട്ടുമെന്ന തരത്തിലുള്ള ആശങ്കകൾ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതിനെ തുടർന്ന് അങ്ങനെ ഒരു തീരുമാനം സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര കാബിനറ്റ് സെക്രട്ടറി നിർദേശം പുറപ്പെടുവിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here