മൂന്ന് ബഗാൻ താരങ്ങളെ സൈൻ ചെയ്യണമെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ

തൻ്റെ മുൻ ക്ലബ് മോഹൻ ബഗാനിൽ നിന്ന് മൂന്ന് താരങ്ങളെ ക്ലബിലെത്തിക്കണമെന്ന് കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ പരിശീലകൻ കിബു വിക്കൂന ആവശ്യപ്പെട്ടു എന്ന് റിപ്പോർട്ട്. ബഗാൻ ടീമിലുണ്ടായിരുന്ന മൂന്ന് വിദേശ താരങ്ങളെ സൈൻ ചെയ്യണമെന്നാണ് വിക്കൂന മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.
ഐ ലീഗ് സീസണിൽ ബഗാനെ കിരീടം ചൂടിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ബാബ ദിവാര, ഫ്രാൻ ഗോൺസാലസ്, ജൊസേബ ബെറ്റിയ എന്നിവരെയാകും കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കാൻ ശ്രമിക്കുക. ഐ ലീഗിൻ്റെ ഈ സീസണിൽ 10 ഗോളുകൾ അടിച്ച താരമാണ് ബാബ. ഫ്രാൻസ് ഗോൺസാലസ് 10 ഗോളും ഒപ്പം ഒരു അസിസ്റ്റും നേടി. 9 അസിസ്റ്റും മൂന്ന് ഗോളുമായിരുന്നു ജൊസേബ ബെറ്റിയയുടെ സംഭാവന.
അതേ സമയം, ഈ മൂന്ന് താരങ്ങളെയും ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യാനുള്ള സാധ്യത വളരെ വിരളമാണ്. ബാർതൊലോമ്യു ഓഗ്ബച്ചെ, സെർജിയോ സിഡോഞ്ച, മെസ്സി ബൗളി എന്നിവരെ ക്ലബ് നിലനിർത്തിയെന്നാണ് വിവരം.
കഴിഞ്ഞ ഐലീഗ് സീസണിൽ മോഹൻ ബഗാനെ ചാമ്പ്യനാരാക്കിയ പരിശീലകനാണ് കിബു വിക്കൂന. 4 മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ബഗാൻ ഈ സീസണിൽ കിരീടം നേടിയത്. 48കാരനായ സ്പാനിഷ് പരിശീലകനു കീഴിൽ ഇന്ത്യൻ താരങ്ങളും ഏറെ മെച്ചപ്പെട്ടിരുന്നു. വിക്കൂനക്കൊപ്പം സഹ പരിശീലകൻ ടൊമാസ് കോർസ്, ഫിസിക്കൽ ട്രെയിനർ എന്നിവർ കൂടി ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവുമെന്നാണ് സൂചന. സി. എ ഒസാസൂനയിലൂടെ പരിശീലക ജോലി തുടങ്ങിയ വിക്കൂന, വിവിധ പോളിഷ് ക്ലബ്ബുകളുടേയും പരിശീലകനായിരുന്നു.
Story Highlights: sign 3 bagan players kibu vicuna to blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here