Advertisement

പാലക്കാട് റൈസ് പാര്‍ക്കിന് 42.3 കോടി രൂപ അനുവദിച്ചു

April 2, 2020
Google News 1 minute Read

വ്യവസായ വകുപ്പിനു കീഴില്‍ പാലക്കാട് തുടങ്ങുന്ന ഇന്റഗ്രേറ്റഡ് റൈസ് ടെക്‌നോളജി പാര്‍ക്കിന് 42.30 കോടി രൂപയുടെ ഭരണാനുമതി. അരിയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ലക്ഷ്യമിട്ട് കഞ്ചിക്കോട് കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് റൈസ് പാര്‍ക്ക് സ്ഥാപിക്കുന്നത്. ഇതിനായി കേരള റൈസ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുകയും പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്തിട്ടുണ്ട്.

പൊതു- സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് റൈസ് പാര്‍ക്ക് നിര്‍മാണം. ഭൂമി വാങ്ങാനും കെട്ടിട നിര്‍മാണത്തിനും ആധുനിക യന്ത്രങ്ങള്‍ സജ്ജീകരിക്കാനും സ്റ്റോറേജ് സൗകര്യം ഏര്‍പ്പെടുത്താനുമാണ് പ്രധാനമായും 42.30 കോടി രൂപ ചെലവ് വരുന്നത്. 2019-20 ബജറ്റില്‍ 20 കോടി രൂപ റൈസ് പാര്‍ക്കിനായി വകയിരുത്തിയിരുന്നു.

നെല്‍കൃഷി പ്രോത്സാഹിപ്പിക്കുകയും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുകയും ചെയ്യുകയാണ് റൈസ് പാര്‍ക്കിന്റെ ലക്ഷ്യം. മെച്ചപ്പെട്ട വില നല്‍കി കര്‍ഷകരില്‍നിന്ന് നേരിട്ട് നെല്ല് ശേഖരിക്കും. ഇതോടെ, ഇടനിലക്കാരുടെ ചൂഷണം ഒഴിവാകും. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനാകും.

റൈസ് പാര്‍ക്കില്‍ സംസ്‌കരിക്കുന്ന അരിയും മറ്റു മുല്യവര്‍ധിത ഉത്പന്നങ്ങളും കേരളത്തിന്റെ പ്രത്യേക ബ്രാന്‍ഡായി വിപണിയില്‍ എത്തിക്കും. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവരുമായി സഹകരിച്ച് ഉത്പന്നങ്ങളുടെ വിപണനം നടത്തും. വിപുലമായ വിദേശ വിപണിയും ലക്ഷ്യമിടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here