ലോകകപ്പ് ഫൈനലിലെ ധോണിയുടെ സിക്സർ; ആ രാത്രിക്ക് ഇന്ന് 9 വയസ്സ്

“ധോണി ഫിനിഷസ് തിംഗ്സ് ഓഫ് ഇൻ സ്റ്റൈൽ. എ മഗ്നിഫിസൻ്റ് സ്ട്രൈക്ക് ഇൻ്റു ദ ക്രൗഡ്. ഇന്ത്യ ലിഫ്റ്റ് ദ് വേൾഡ് കപ്പ് ആഫ്റ്റർ ട്വൻ്റിഎയ്റ്റ് ഇയേഴ്സ്. ദ പാർട്ടി സ്റ്റാർട്ടഡ് ഇൻ ദ ഡ്രസിംഗ് റൂം. ഇറ്റ്സ് ഇന്ത്യൻ ക്യാപ്റ്റൻ, ഹൂ ഹാസ് ബീൻ അബ്സല്യൂട്ട്ലി മഗ്നിഫിസൻ്റ് ഇൻ ദ നൈറ്റ് ഓഫ് ദ ഫൈനൽ”- ഈ കമൻ്ററി ഓർമ്മയില്ലേ? ക്രിക്കറ്റ് പ്രേമികൾക്ക് ഓർമ്മയുണ്ടാവും. ക്രിക്കറ്റ് പ്രേമിയായ ഒരു ഇന്ത്യക്കാരനും (ശ്രീലങ്കക്കാരനും) മറക്കാത്ത കമൻ്ററി. അത് സംഭവിച്ചത് ഇതേ ദിവസമായിരുന്നു. 2011 ഏപ്രിൽ 2.

ഏകദിന ലോകകപ്പ് ഫൈനൽ. വാംഖഡെയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് പോരാട്ടം. സെമിയിൽ ഇന്ത്യ പാകിസ്താനെയും ശ്രീലങ്ക ന്യൂസീലൻഡിനെയും തോല്പിച്ച് കലാശപ്പോരിനായി ഇന്ത്യയുടെ വാണിജ്യ നഗരത്തിലേക്ക് വിമാനം കയറി. വാംഖഡെ ഒരുങ്ങിക്കഴിഞ്ഞിരുന്നു. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. ആമിർ ഖാനും ഷാരൂഖ് ഖാനും അടക്കമുള്ള ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവർ ഇന്ത്യൻ പതാകയുമേന്തി വാംഖഡെയിലെ ആൾത്തിരക്കിൽ ക്രിക്കറ്റ് ശ്വസിച്ച് കാത്തു നിന്നു.

ടോസ് മുതൽ തുടങ്ങി കലാശപ്പോരിലെ നാടകീയത. ആദ്യത്തെ തവണ ടോസിട്ടപ്പോൾ സ്റ്റേഡിയത്തിലെ ആരവത്തിൽ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയുടെ ശബ്ദം മുങ്ങി. ഹെഡ്സാണോ ടെയിൽസാണോ അദ്ദേഹം വിളിച്ചതെന്ന് സംശയം. ഒരുതവണ കൂടി ടോസിട്ടു. ടോസ് നേടിയ ശ്രീലങ്കക്ക് ബാറ്റിംഗ്. പിച്ച് ബാറ്റിംഗിനെ അനുകൂലിക്കുമെന്ന വിശകലനങ്ങൾക്കിടയിലേക്കാണ് സംഗക്കാര ബാറ്റിംഗ് തിരഞ്ഞെടുക്കുന്നത്. ഇന്ത്യ നെറ്റിയിൽ കൈ വെച്ചു.

അവിശ്വസനീയമായാണ് ഇന്ത്യ തുടങ്ങിയത്. സഹീർ ഖാൻ എറിഞ്ഞ ആദ്യ സ്പെൽ സമാനതകളില്ലാത്തതായിരുന്നു. തുടർച്ചയായ മൂന്ന് മെയ്ഡനുകൾക്കൊടുവിൽ ഉപുൽ തരംഗയെ സേവാഗിൻ്റെ കൈകളിൽ എത്തിച്ച സഹീർ തൻ്റെ ആദ്യ അഞ്ചോവറിൽ വഴങ്ങിയത് വെറും 6 റൺസ്. 7ആം ഓവറിൽ തരംഗ പുറത്തായതിനു ശേഷം സംഗക്കാരയും ദിൽഷനും ചേർന്ന കൂട്ടുകെട്ട്. 43 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ ദിൽഷനെ ഹർഭജൻ പുറത്താക്കുന്നു. സ്കോർ 16.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 60 റൺസ്. കളി പൂർണമായും ഇന്ത്യയുടെ വരുതിയിലാണ്. പക്ഷേ, കളി കാണാനിരിക്കുന്നേയുണ്ടായിരുന്നുള്ളൂ.

ക്രീസിൽ ശ്രീലങ്കയുടെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാർ ഒത്തുചേർന്നു. ലെഫ്റ്റ് ഹാൻഡ് എലഗൻസുമായി സങ്കയും ക്ലീൻ ഹിറ്റുകളുടെ അതോറിറ്റിയിൽ മഹേലയും ശ്രീലങ്കൻ ഇന്നിംഗ്സിൻ്റെ കടിഞ്ഞാൺ ഏറ്റെടുത്തു. വളരെ സുന്ദരമായി ഇന്നിംഗ്സ് മുന്നോട്ടു പോവുന്നു. ധോണി ബൗളർമാരെ മാറി മാറി പരീക്ഷിക്കുന്നു. ഒടുവിൽ പതിവു പോലെ യുവരാജ് തന്നെ തൻ്റെ ഗോൾഡൻ ആം കറക്കി സങ്കയെ കുടുക്കുന്നു. ക്രീസ് വിട്ടിറങ്ങിയ സങ്കയെ ധോണി സ്റ്റമ്പ് ചെയ്ത് പുറത്താക്കുമ്പോൾ ശ്രീലങ്കയുടെ സ്കോർ 122. 48 റൺസുമായാണ് സങ്കക്കാര മടങ്ങിയത്. പിന്നീടാണ് ജയവർധനെയുടെ മാസ്റ്റർ ക്ലാസ് ഇന്നിംഗ്സ്. തിലൻ സമരവീര (21)യുമായി 57 റൺസും കുലശേഖരയുമായി (32) 66 റൺസും കൂട്ടിച്ചേർത്ത ജയവർധനെ അപാര സ്ട്രോക്ക് പ്ലേ ആണ് 43000 കാണികൾക്കു മുന്നിൽ കെട്ടഴിച്ചത്. ഒരു സർജൻ്റെ കൃത്യതയോടെ ബാറ്റ് ചെയ്ത ജയവർധനെ അവസാന ഓവറുകളിൽ ടോപ്പ് ഗിയറിലായി. ഇതോടെ ലങ്കൻ സ്കോർ കെട്ടു പൊട്ടിച്ച് കുതിച്ചു. 9 പന്തുകളിൽ 22 റൺസെടുത്ത തിസാര പെരേരയുടെ ഫൈനൽ ഫ്ലോറിഷ് കൂടി ആയപ്പോൾ ലങ്ക ഫിനിഷ് ചെയ്തത് 6 വിക്കറ്റ് നഷ്ടത്തിൽ 274 എന്ന സ്കോറിലായിരുന്നു. 88 പന്തുകളിൽ 103 റൺസെടുത്ത ജയവർധനെ പുറത്താവാതെ നിന്നു.

കൂറ്റൻ സ്കോറാണ്. ലോകകപ്പ് ഫൈനലാണെന്ന് ഓർക്കണം. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ഇത്ര വലിയ സ്കോർ ഫൈനലിൽ ഒരു ടീമും മറികടന്നിട്ടില്ല. ആ വിജയലക്ഷ്യത്തിലേക്കാണ് ബാറ്റ് വീശേണ്ടത്. ഇന്ത്യക്കാർക്ക് ഒരു പാനിക് അറ്റാക്ക് നൽകിയാണ് ചേസിംഗ് തുടങ്ങുന്നത്. ഇന്നിംഗ്സിലെ രണ്ടാം പന്തിൽ സെവാഗിനെ മലിംഗ വിക്കറ്റിനു മുന്നിൽ കുരുക്കി. റണ്ണൊന്നും എടുക്കും മുൻപ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. കൂറ്റൻ സ്കോറിലേക്ക് ഇന്ത്യയെ എത്തിക്കാൻ ശേഷിയുള്ള ഒരു താരം ഇന്നിംഗ്സിൻ്റെ രണ്ടാം പന്തിൽ മടങ്ങി. ഡ്രാമ. നന്നായി തുടങ്ങിയ സച്ചിനെയും മലിംഗ തന്നെ പുറത്താക്കി. ഇന്ത്യൻ സ്കോർ 6.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 31 റൺസ്.

മൂന്നാം വിക്കറ്റിൽ യുവതാരം വിരാട് കോലിയെ കൂട്ടുപിടിച്ച് ഗൗതം ഗംഭീറിൻ്റെ രക്ഷാപ്രവർത്തനം. 83 റൺസ് നീണ്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അനായാസം മുന്നോട്ടു പോകുമ്പോളാണ് പാർട്ട് ടൈം സ്പിന്നറായെത്തിയെ ദിൽഷൻ ഇന്ത്യക്ക് പ്രഹരം ഏല്പിക്കുന്നത്. കോലിയെ (35) സ്വന്തം ബൗളിംഗിൽ ദിൽഷൻ ഉജ്ജ്വലമായി പിടികൂടി. മുത്തയ്യ മുരളീധരൻ, രവി ശാസ്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ ‘ദി വിസാർഡ് ഫ്രം ദി ഐൽ ഓഫ് എമിറാൾഡ്’ (മരതക ദ്വീപിലെ മാന്ത്രികൻ) ഒരു എൻഡിൽ നിന്ന് സ്പിൻ വല നെയ്യുകയാണ്. അഞ്ചാം നമ്പറിൽ യുവരാജാണ് ഇറങ്ങേണ്ടത്. ടൂർണമെൻ്റിൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം. പക്ഷേ, യുവിയെ മറികടന്ന് ധോണി ക്രീസിലേക്ക് നടന്നടുത്തു. ടൂർണമെൻ്റിൽ ഇതുവരെ മികച്ച ഒരു സ്കോർ പോലും നേടാതിരുന്ന ധോണി ഒരു ചൂതാട്ടമാണ് നടത്തിയത്. പാളിയാൽ ക്രൂശിക്കപ്പെടും, ഉറപ്പാണ്. പക്ഷേ, ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഒരു കൗണ്ടർ തന്ത്രത്തിനാണ് അന്ന് വാംഖഡെ സാക്ഷ്യം വഹിച്ചത്. ധോണി ഗംഭീറുമായി ചേർന്ന് അസാമാന്യ കളി കെട്ടഴിക്കാൻ തുടങ്ങി. മെല്ലെ തുടങ്ങിയ അദ്ദേഹം സാവധാനം കത്തിക്കയറി. സെക്കൻഡ് ഫിഡിലിൻ്റെ റോളിൽ ഗംഭീർ ക്യാപ്റ്റനു താങ്ങായി നിന്നു. 42ആം ഓവറിൽ, 187 മിനിട്ടുകൾ നീണ്ട ഇന്നിംഗ്സിനൊടുവിൽ, സെഞ്ചുറിയിൽ നിന്ന് മൂന്ന് റൺസുകൾ അകലെ ഗംഭീർ വീണു. തിസാര പെരേരക്കായിരുന്നു വിക്കറ്റ്. ധോണിക്കൊപ്പം 109 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ഗംഭീർ ഇന്ത്യയെ വിജയത്തിൻ്റെ പടിവാതിൽക്കൽ എത്തിച്ചായിരുന്നു മടങ്ങിയത്. പിന്നാലെ യുവരാജ് എത്തി. ഇന്ത്യ അനായാസം കുതിച്ചു. സ്റ്റേഡിയത്തിൽ നീലക്കടൽ. ഇന്ത്യൻ പതാകകൾ ഉയർന്ന് പാറുന്നു. 43000 പേരുടെ തൊണ്ടയിൽ നിന്ന് എആർ റഹ്മാൻ്റെ ‘മാ, തുഛേ സലാം’. വാംഖഡെയിൽ നിന്ന് ഇന്ത്യക്കാരുടെ ഹൃദയങ്ങളിലേക്ക് പ്രണയം ഒഴുകി. ടിവിയിൽ കണ്ട പ്രേക്ഷർ അത് ഏറ്റുപാടി. അഭിമാനം കൊണ്ട് കണ്ണ് നിറഞ്ഞ നിമിഷങ്ങൾ.

49ആം ഓവറിലെ രണ്ടാം പന്തിൽ ധോണിയുടെ ബാറ്റിൽ നിന്ന് ആ സിക്സർ ഗാലറിയിലേക്ക് പതിച്ചു. 28 വർഷങ്ങൾക്കു ശേഷം ഇന്ത്യക്ക് കിരീടം. ധോണി 79 പന്തുകളിൽ 91 നോട്ടൗട്ട്. അക്ഷരാർത്ഥത്തിൽ വാംഖഡെ പൊട്ടിത്തെറിച്ചു. സ്റ്റേഡിയം കുലുങ്ങി. സങ്കടം, സന്തോഷം, ചിരി, ആലിംഗനം, നിർവൃതി. താരങ്ങൾ മൈതാന മധ്യത്തിൽ വികാരങ്ങൾ തുറന്നുവിട്ടു. ടിവിക്ക് മുന്നിൽ നഖം കടിച്ചിരുന്ന ലക്ഷങ്ങൾ ആഹ്ലാദത്തിൽ ഉയർന്നു ചാടി. പറഞ്ഞറിയിക്കാനാവാത്തെ വികാരങ്ങൾ പ്രകടിപ്പിച്ച് ഇന്ത്യ അന്ന് ഉറങ്ങാതെ ആഘോഷിച്ചു. തെരുവുകൾ ഉണർന്നിരുന്നു. ആ രാത്രിക്ക് ഇന്ന് 9 വയസ്സ്.

Story Highlights: indias 2011 world cup victory memoriesനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More