കൊറോണ കാലത്ത് വിശ്വാസികൾ വീട്ടിലിരുന്ന് നല്ല കാര്യങ്ങൾ ചെയ്യണം; കാന്തപുരം എപി അബുബക്കർ മുസ്ലിയാർ

കൊറോണ കാലത്ത് വീട്ടിലിരുന്ന് നല്ല കാര്യങ്ങൾ ചെയ്യാൻ വിശ്വാസികൾ തയാറാകണമെന്ന് ഇസ്ലാം മത പണ്ഡിതനും മർക്കസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എപി അബുബക്കർ മുസ്ലിയാർ. ആത്മീയ പഠനവും കൃഷിയുമായി വീട്ടിൽ കഴിയണം. ശാരീരിക അകലം പാലിച്ചുകൊണ്ട് മറ്റുള്ളവരെ സഹായിക്കണമെന്നും കാന്തപുരം എപി അബുബക്കർ മുസ്ലിയാർ ട്വന്റിഫോറിനോട് പറഞ്ഞു.
കൊറോണ കാലത്ത് മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ആരും പുറത്തിറങ്ങരുത്. വീട്ടിലിരുന്ന് നല്ല കാര്യങ്ങൾ മാത്രം ചെയ്യാൻ ശ്രമിക്കണമെന്നാണ് പ്രമുഖ ഇസ്ലാം മത പണ്ഡിതനും മർക്കസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എപി അബുബക്കർ മുസ്ലിയാർ പറയുന്നത്. പള്ളികളിലും മദിരസകളിലും ആരും എത്തേണ്ടതില്ല. സർക്കാർ നിർദേശങ്ങൾ പാലിക്കണം. മഹാമാരികൾ വരുമ്പോൾ പുറത്തിറങ്ങരുതെന്നും യാത്ര ചെയ്യരുതെന്നും ഖുറാനിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മത ചടങ്ങുകൾക്ക് ഇപ്പോൾ പ്രസക്തിയില്ല. വീട്ടിനകത്ത് നമസ്‌കരിക്കുക. വായനയും പച്ചക്കറി കൃഷിയുമൊക്കെ ലോക്ക് ഡൗൺ കാലത്ത് ശീലമാക്കണമെന്നും കാന്തപുരം പറഞ്ഞു.
കൊറോണ വലിയ പ്രതിസന്ധിയാണ് ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്. ഈ കാലത്ത് അകലം പാലിച്ചുകൊണ്ട് തന്നെ അർഹരായവർക്ക് സഹായമെത്തിക്കാൻ വിശ്വാസികൾ തയാറാവണമെന്നും കാന്തപുരം പറഞ്ഞു. മർക്കസിന്റെ നേതൃത്വത്തിൽ കൊറോണ കാലത്തും തുടർന്നും സഹായങ്ങൾ എത്തിക്കുമെന്നും എപി അബുബക്കർ മുസ്ലിയാർ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here