Advertisement

കൊറോണ പോലെ പടരുന്ന തകര്‍ച്ച

April 3, 2020
Google News 1 minute Read

പകര്‍ച്ച വ്യാധി എന്നത് രോഗത്തില്‍ മാത്രമൊതുങ്ങുന്നില്ല. പരാശ്രയത്തിലൂന്നിയ സമ്പദ് സംവിധാനത്തില്‍ ഒരു വ്യവസായത്തിന്റെ തകര്‍ച്ച മറ്റുള്ളവയുടെ വളര്‍ച്ചയയെയും ബാധിക്കുന്നു. പരസ്പരപൂരകങ്ങങ്ങളാണ് സാമ്പത്തിക ചക്രത്തിലെ ഓരോ കണ്ണികളും. കോറോണക്കാലത്തെ സാമ്പത്തിക വിചാരങ്ങളില്‍ ഇന്നത്തെ ഏടിലേക്ക് നോക്കാം . ഇന്ത്യയുടെ വളര്‍ച്ച 30 വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കായ രണ്ട് ശതമാനം എന്നതിലേക്ക് താഴ്ത്തിയിരിക്കുകയാണ് ഫിച്ച്. മുന്‍പ് പറഞ്ഞിരുന്നത് 5.1 ശതമാനമായിരുന്നു വളര്‍ച്ച നിരക്ക്. മൊത്തം ആഭ്യന്തര വരുമാനത്തില്‍ 3 ലക്ഷം കോടിയിലേറെ കുറവുണ്ടായിരിക്കുന്നത്. ഇത് വിരല്‍ ചൂണ്ടുന്നതാവട്ടെ സാധാരണ ജനങ്ങളുടെ തൊഴില്‍ നഷ്ടത്തിലേക്കും വരുമാന നഷ്ടത്തിലേക്കുമാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും സേവന മേഖലയുമാകും കടുത്ത തിരിച്ചടി നേരിടുകയെന്ന് ഫിച്ച് പറയുന്നു. വരുമാനം ഇല്ലാതാകുമ്പോള്‍ ചെലവ് ചുരുക്കാന്‍ വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാരും തയാറക്കേണ്ടി വരും. ഇത് കാരണം വളര്‍ച്ച മുരടിപ്പെന്ന ഭൂതം കുപ്പിയില്‍ നിന്ന് പുറത്തുവരും.

കഴിഞ്ഞ ആറ് പാദങ്ങളില്‍ മുരടിപ്പിന്റെ പാതയിലായിരുന്ന ഇന്ത്യന്‍ സമ്പത് വ്യവസ്ഥയാകും ഏറ്റവും തിരിച്ചടി നേരിടുകയെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനായ എന്‍ ആര്‍ ഭാനുമൂര്‍ത്തി പറയുന്നു.

പ്രതിസന്ധിയിലെ കരുതല്‍

ടിസിഎസ് ഡാബര്‍ , ഫ്‌ളിപ്കാര്‍ട്, ഓല, ടാറ്റ സ്റ്റീല്‍ തുടങ്ങി പ്രമുഖ കമ്പനികള്‍ എല്ലാം തന്നെ തങ്ങളുടെ ജീവനക്കാര്‍ക്ക് ശാരീരിക മാനസികാരോഗ്യം ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതില്‍ ടെലി മെഡിസിന്‍ കൗണ്‍സിലിംഗ്, ഓണ്‍ലൈന്‍ മെഡിക്കേഷന്‍ , ഫിറ്റ്‌നസ് സെഷനുകള്‍, വര്‍ക് ഫ്രം ഹോം, ടീം ലഞ്ചുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പെടുത്തിയിരിക്കുന്നു.

വ്യാപാര സമയ മാറ്റം പ്രഖ്യാപിച്ചു

ആര്‍ബിഐ. രാജ്യത്തെ മൂലധന വിപണിയിലെ സമയക്രമം ആര്‍ബിഐ പുനഃക്രമീകരിച്ചത് കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്. ഏപ്രില്‍ ഏഴ് മുതല്‍ 17 വരെ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാകും പ്രവര്‍ത്തി സമയം. സാമൂഹിക അകലമെന്ന ആശയം വിപണിയിലും ലോക്ക് ഡൗണ്‍ കാലത്തു ബാധകമാകുകയാണ് .

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഐ ടി കമ്പനികള്‍ തിരിച്ചടി നേരിടുമെന്ന് പ്രവചനം

2.1 ശതമാനം വരെ വരുമാനം കുറയുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പറയുന്നു. യുഎസ് – യൂറോപ്യന്‍ കമ്പനികള്‍ ചെലവ് കുറച്ചേക്കുമെന്നത് ഐടി കമ്പനികള്‍ക്ക് തിരിച്ചടിയാകും . ഈ കമ്പനികളാണ് ഇന്ത്യന്‍ ഐടി കമ്പനികളുടെ പ്രധാന ക്ലയന്റുകള്‍ . ഇപ്പോള്‍ തന്നെ പല പ്രൊജെക്ടുകളും ക്യാന്‍സല്‍ ചെയ്യപ്പെട്ടു കഴിഞ്ഞു .

ഇനി ഇന്ത്യന്‍ ഓഹരി വിപണികളിലെ അവസ്ഥ നോക്കാം

സാമ്പത്തിക വര്‍ഷത്തിലെ ആദ്യ വാരാന്ത്യത്തില്‍ ഇന്ത്യന്‍ ഓഹരിവിപണികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. കൊവിഡ് 19 വ്യാപനം വിപണിയില്‍ ഇടിവുണ്ടാക്കി.ഓഹരി വിപണികളിലെ വ്യാപാര സമയം രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയായി ആര്‍ബിഐ പുനര്‍നിര്‍ണയിച്ചു. സാമ്പത്തിക വര്‍ഷാരംഭം മുതല്‍ ചാഞ്ചാട്ടത്തിലായിരുന്നു വിപണികള്‍. കഴിഞ്ഞ മാര്‍ച്ച് അവസാനിച്ചത് സെന്‍സെക്‌സില്‍ 24 ശതമാനം തകര്‍ച്ചയോടെയായിരുന്നു. ഈ ഇടിവ് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലും തുടര്‍ന്നു. സെന്‍സെക്‌സ് 674 പോയിന്റ് താഴ്ന്ന് 27591 ലും നിഫ്റ്റി 170 പോയിന്റ് കുറഞ്ഞു 8083 ലും ക്ലോസ് ചെയ്തു. എണ്ണ വിപണിയിലുണ്ടായ ഉണര്‍വ് യുഎസ് വിപണികളില്‍ ലാഭമുണ്ടാക്കി. ഇത് പല ഏഷ്യന്‍ ഓഹരികളിലും പ്രതിഫലിച്ചെങ്കിലും ഇന്ത്യന്‍ വിപണികളില്‍ നേട്ടമായില്ല. സ്വകാര്യ ബാങ്കുകളുടെ ഓഹരികളാണ് ഇന്നേറ്റവുമധികം തിരിച്ചടി നേരിട്ടത് . ദേശീയ ഓഹരിവിപണിയായ നിഫ്റ്റിയില്‍ ഓട്ടോ ഐടി ബാങ്കിംഗ് ഓഹരികള്‍ വില്‍പന സമ്മര്‍ദത്തിലായി. സണ്‍ ഫര്‍മ, ഐടിസി, ഒഎന്‍ജിസി ഓഹരികള്‍ നേട്ടമുണ്ടാക്കി . എയ്ഷെര്‍ മോട്ടോര്‍സ് ഓഹരിവില 52 ആഴ്ചത്തെ കുറഞ്ഞ നിരക്കിലെത്തി. അതേസമയം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ കൂടുതല്‍ പേര്‍ തയാറായി.

 

Story Highlights- Economic Thought, Coronavirus, covid19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here