ലോക്ക് ഡൗണിലും ചിത്രീകരണം തുടരുന്ന മലയാള ചിത്രം- ‘ജിബൂട്ടി’

ലോക്ക് ഡൗൺ മലയാള സിനിമയ്ക്ക് നൽകിയത് കനത്ത ആഘാതമാണ്. നിരവധി ചിത്രങ്ങളുടെ ചിത്രീകരണവും റിലീസും എല്ലാം നിർത്തിവച്ചു. ആടുജീവിതം സിനിമയ്ക്ക് വേണ്ടി ജോർദാനിൽ പോയ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും അടക്കം ഉള്ളവർ അവിടെ കുടുങ്ങി. എന്നാൽ ഒരു സിനിമയുടെ ചിത്രീകരണം മാത്രം മുടങ്ങിയിട്ടില്ല. ഏതാണ് ആ ചിത്രം എന്നാകും സംശയം, ജിബൂട്ടി എന്നാണ് സിനിമയുടെ പേര്. എസ് ജെ ജിനുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. കിഴക്കേ ആഫ്രിക്കയിലെ ജനവാസം തീരെയില്ലാത്ത ജിബൂട്ടി എന്ന സ്ഥലത്താണ് സിനിമാ ഷൂട്ടിംഗ്. മാർച്ച് അഞ്ചിന് അഭിനേതാക്കളും അണിയറ പ്രവർത്തകരും ജിബൂട്ടിയിലെത്തി. ഏപ്രിൽ 19 വരെ ചിത്രീകരണം തുടരുമെന്നാണ് വിവരം.
അമിത് ചക്കാലക്കൽ, ദിലീഷ് പോത്തൻ, ജേക്കബ് ഗ്രിഗറി, അഞ്ജലി നായർ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്ന സിനിമ നിർമിക്കുന്നത് ബ്ലൂ ഹിൽ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ സ്വീറ്റി മരിയ ജോബിയാണ്. ശകുൻ ജസ്വൾ, രോഹിത് മഗ്ഗു, അലൻസിയർ, ഗീത, സുനിൽ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വിൽസൺ, മാസ്റ്റർ ഡാവിഞ്ചി, സ്മിനു സിജോ തുടങ്ങിയവരും സിനിമയിലുണ്ട്. കഥ, സംവിധാനം- എസ് ജെ ജിനു, തിരക്കഥ, സംഭാഷണം- അഫ്‌സൽ കരുനാഗപ്പള്ളി, ഛായാഗ്രഹണം- ടി ഡി ശ്രീനിവാസ്,എഡിറ്റ്- സംജിത് മുഹമ്മദ്. കൈതപ്പുറമാണ് സിനിമയിലെ പാട്ടുകൾക്ക് വരികളെഴുതുന്നത്. സംഗീതമൊരുക്കുന്നത് ദീപക് ദേവ്.
jibuti, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here