എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത് ഷാർജയിൽ നിന്നെത്തിയ യുവാവിന്

ഇന്ന് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത് യുവാവിന്. ഷാർജയിൽ നിന്നും മാർച്ച് 22 ന് തിരികെയെത്തിയ 23കാരനാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയവേ ചെറിയ പനിയും ചുമയും അനുഭവപ്പെട്ടിരുന്നു. വിമാനത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് കൂടിയായ പത്തനംതിട്ട സ്വദേശിക്ക് ഈ മാസം ഒന്നിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ തുടർചികിത്സ തേടുവാൻ തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ രണ്ട് മുതൽ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ ആണ്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ കർശനമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. കുടുംബാംഗങ്ങളായ ആറ് പേരോടും എയർപോർട്ടിൽ നിന്നും സഞ്ചരിച്ച ടാക്‌സി ഡ്രൈവറോടും മുൻകരുതൽ നടപടികളുടെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചിട്ടുണ്ട്.

Read Also: കൊവിഡ് ബാധിതരുമായി സമ്പർക്കം; 108 ആശുപത്രി ജീവനക്കാർ ക്വാറന്റയിനിൽ

പുതിയതായി 175 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 430 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതോടെ വീടുകളിൽ നിലവിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 11,842 ആയി. 4 പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതിൽ 3 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലും ഒരാൾ സ്വകാര്യ ആശുപത്രിയിലുമാണ്. ആശുപത്രികളിൽ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 36 ആണ്.

അതേസമയം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആളെ വീട്ടിലെ പട്ടി കടിച്ചു, കുത്തിവയ്‌പ്പെടുക്കാൻ ആവശ്യമായ നടപടികൾ ജില്ലാ കൺട്രോൾ യൂണിറ്റിൽ നിന്നും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിൽ നിരീക്ഷണത്തിലുള്ള 84 ഗർഭിണികളെ ജില്ലാ ആർസിഎച്ച് ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ വിളിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

 

ernakulam, coronavirusനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More