ലോക്ക് ഡൗണ്‍ : മൂന്നാറില്‍ പച്ചക്കറികളും പഴങ്ങളും ഹോര്‍ട്ടി കോര്‍പ്പ് സംഭരിക്കും

ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ ഹോര്‍ട്ടി കോര്‍പ്പ് മുഖേന കൂടുതലായി സംഭരിക്കുമെന്ന് ഹോര്‍ട്ടി കോര്‍പ്പ്. മൂന്നാര്‍, വട്ടവട, കാന്തല്ലൂര്‍, ദേവികുളം, ചെണ്ടുവര, മറയൂര്‍ പ്രദേശങ്ങളില്‍ നിന്ന് കൃഷി ചെയ്യുന്ന പഴങ്ങളും പച്ചക്കറികളുമാണ് നിലവില്‍ മൂന്നാറില്‍ എത്തിക്കുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പഴംപച്ചക്കറികളും മൂന്നാറില്‍ എത്തിച്ചാല്‍ സംഭരിക്കുമെന്ന് മൂന്നാര്‍ ഹോര്‍ട്ടി കോര്‍പ്പിന്റെ അസി. മാനേജര്‍ ജിജോ ആര്‍ അറിയിച്ചു. വട്ടവട ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സ്‌ട്രോബറി കര്‍ഷകരില്‍ നിന്ന് സ്‌ട്രോബറി സംഭരിക്കാനും ഹോര്‍ട്ടി കോര്‍പ്പ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഹോര്‍ട്ടി കോര്‍പ്പ് മൂന്നാറിലെ സ്‌ട്രോബറി പാര്‍ക്കിലെ സ്‌ട്രോബറിമാത്രമാണ് സംഭരിച്ചിരുന്നത്.

എന്നാല്‍, കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌ട്രോബറി കര്‍ഷകര്‍ പ്രതിസന്ധിയിലായതോടെ മന്ത്രി വി എസ് സുനില്‍കുമാറിന്റെ നിര്‍ദേശ പ്രകാരം മറ്റിടങ്ങളില്‍ കൃഷി ചെയ്യുന്ന സ്‌ട്രോബറികൂടി സംഭരിക്കാനാണ് ഹോര്‍ട്ടി കോര്‍പ്പിന്റെ തീരുമാനം. സ്‌ട്രോബറി പാര്‍ക്കിനായി സജ്ജീകരിച്ചിട്ടുള്ള കെട്ടിടത്തില്‍തന്നെയാണ് സ്‌ട്രോബറി സംഭരിക്കുന്നത്.

വട്ടവടയിലെ സബ്‌സെന്റര്‍, വിവിധ ഇടങ്ങളിലെ കര്‍ഷക സൊസൈറ്റികള്‍ തുടങ്ങിയവുടെ സഹകരണവും പച്ചക്കറി, പഴം സംഭരണത്തിനായി ഹോര്‍ട്ടി കോര്‍പ്പിന് ലഭിക്കുന്നുണ്ട്. ഹോര്‍ട്ടി കോര്‍പ്പ് മുഖേന സംഭരിക്കുന്ന പച്ചക്കറികള്‍ വിപണിയില്‍ എത്തുമ്പോള്‍ ആവശ്യക്കാരും ഏറെയാണ്. രാവിലെ 11 മുതല്‍ വൈകിട്ടഞ്ചുവരെയാണ് മൂന്നാര്‍ ടൗണില്‍ ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലെറ്റിന്റെ പ്രവര്‍ത്തന സമയം. ഹോര്‍ട്ടി കോര്‍പ്പില്‍ പഴം പച്ചക്കറികള്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരും ദിവസങ്ങളിലും സംഭരണകേന്ദ്രങ്ങളില്‍ എത്തിക്കാം.വിവരങ്ങള്‍ക്ക് 9020993282,8078402473 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക

 

Story Highlights- lockdown, Horticorp will store vegetables and fruits in Munnarനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More