നാടിനെ മുഴുവൻ ഇരുട്ടിലാക്കുന്ന ആഹ്വാനം പ്രധാനമന്ത്രി പിൻവലിക്കണം; ഇത് അപകടകരം; സിപിഐഎം പൊളിറ്റ് ബ്യൂറോ

രാജ്യത്ത് നാളെ രാത്രി ഒൻപത് മിനിറ്റ് വൈദ്യുതി വിളക്കുകൾ അണക്കാനുള്ള ആഹ്വാനം അപകടകരമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. ഇന്ത്യയുടെ വൈദ്യുതി വിതരണ ശൃംഖലയായ നാഷണൽ ഗ്രിഡിന് വൈദ്യുത വിളക്ക് അണയ്ക്കൽ ആഹ്വാനം ഭീഷണിയാകുമെന്ന് പൊളിറ്റ് ബ്യൂറോ പറയുന്നു. നാഷണൽ ഗ്രിഡ് തകരാറിലാകുക വഴി അതിന്റെ പരിണിത ഫലം അനുഭവിക്കുക ആശുപത്രികളാണ്. കൊറോണയ്‌ക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരും രോഗികളുമാണ് ഇതിലൂടെ ബുദ്ധിമുട്ടിലാകുക. അതിനാൽ ഈ ആഹ്വാനം പ്രധാനമന്ത്രി പിൻവലിക്കണമെന്ന് പ്രസ്താവനയിൽ പൊളിറ്റ് ബ്യൂറോ വ്യക്തമാക്കുന്നു.
Read Also: കൊറോണയ്ക്ക് എതിരെ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പോരാടും
വീടുകളിൽ ഉള്ള വൈദ്യുതി വിളക്കുകളാണ് ഗ്രിഡിൽ നിന്നുള്ള ഊർജത്തിന്റെ 15-20 ശതമാനം എടുക്കുന്നത്. ഇവ ഒരേ സമയം ഒപ്പം അണച്ചാൽ എന്താകും സംഭവിക്കാൻ പോകുന്നത്? ഗ്രിഡിന്റെ സ്ഥിരത നഷ്ടപ്പെടും. അത് തകർച്ചയിലേക്കെത്തും. 2012 ജൂലൈയിലുണ്ടായത് പോലെ രാജ്യത്തെ മിക്ക സ്ഥലങ്ങളും ഇരുട്ടിലാകുമെന്നും പിബിയുടെ പ്രസ്താവനയിലുണ്ട്. രാജ്യത്തെയും സംസ്ഥാനത്തെയും ഗ്രിഡ് അധികൃതർ നേരത്തെ തന്നെ സംസ്ഥാന- കേന്ദ്ര സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. നാടിനെ സ്വയം ഇരുട്ടിലാക്കുന്ന ഈ ആഹ്വാനം പ്രധാനമന്ത്രി പിൻവലിക്കണം. ഗ്രിഡ് തകരാറിലായാൽ വൈദ്യുതി രാജ്യത്ത് ഉണ്ടാകില്ല. പിന്നീട് വൈദ്യുതി ഗ്രിഡ് പുനഃസ്ഥാപിക്കുന്നത് വരെ മഹാമാരിയോട് പോരാടാൻ സാധിക്കില്ല. ലോക്ക് ഡൗണിലും കൊറോണയിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന രാജ്യത്തിന് ഇതൊരു റിസ്‌ക്ക് ആണ്. ഇതൊരിക്കലും ഏറ്റെടുക്കരുതെന്നും പാർട്ടി.
cpim, narendra modi, coronavirus, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here