സംസ്ഥാനത്ത് വ്യാജ വാറ്റ് സംഘം വ്യാപകമാകുന്നു; 30 ലിറ്റർ വാറ്റുമായി ആറംഗ സംഘം പിടിയിൽ

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വ്യാജ വാറ്റ് സംഘം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കേസുകളാണ് വ്യാജവാറ്റുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്തത്. മുവാറ്റുപുഴയിൽ നിന്ന് 30 ലിറ്റർ വാറ്റുമായി ആറംഗ സംഘമാണ് ഇന്ന് പിടിയിലായത്.
തുടർച്ചയായ രണ്ടാം ദിവസമാണ് മുവാറ്റുപുഴ പൊലീസ് വ്യാജവാറ്റ് വേട്ട നടത്തുന്നത്. പൊലീസിന് ലഭിച്ച രഹസ്യാന്വോഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 30 ലിറ്റർ വാഷ് , പ്രഷർ കുക്കർ , ചെമ്പ് പൈപ്പ് , പ്ലാസ്റ്റിക് ഹോസ് തുടങ്ങിയ ഉപകരണങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
കെട്ടിടത്തിൽ താമസിച്ചു വന്നിരുന്ന തമിഴ്‌നാട് സ്വദേശിയുടെ നേതൃത്വത്തിൽ ആണ് വ്യാജ വാറ്റ് നിർമാണം നടത്തി വരുന്നതെന്ന് പൊലീസ് പറഞ്ഞു. കോതമംഗലം, കോട്ടപ്പടി എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ താമസിക്കുന്നവർ ആണ് പ്രതികളെല്ലാവരും. നെല്ലിക്കുഴി പീഡനക്കേസിലും കൊലപാതകക്കേസിലും , നിരവധി കഞ്ചാവ് കേസുകളിലും ഇവർ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളുടെ മൂന്ന് ഇരുചക്രവാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സർക്കിൾ ഇൻസ്‌പെക്ടർ എം.എ മുഹമ്മദ് , പ്രിൻസിപ്പൽ എസ്‌ഐ ടി.എം സൂഫി ,തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം റാക്കാട് നിന്നും 60 ലിറ്ററോളും വാഷ് പൊലീസ് പിടികൂടിയിരുന്നു.
Story highlight: Fake VAT gangs spread across the state, A six-member team seized 30 liters of VAT
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here