എയർ ഇന്ത്യയെ പ്രകീർത്തിച്ച് പാക് എയർ ട്രാഫിക് കൺട്രോൾ

കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ നടത്തിയ രക്ഷാദൗത്യങ്ങളെ പ്രകീർത്തിച്ച് പാകിസ്ഥാനും. ഇതിനോടകം മറ്റു പല രാജ്യങ്ങളും എയർ ഇന്ത്യയെ അഭിനന്ദിച്ചു രംഗത്തു വന്നിരുന്നു. നിങ്ങളെയൊർത്ത് അഭിമാനിക്കുന്നുവെന്നായിരുന്നു പാക് എയർ ട്രാഫിക് കൺട്രോൾ(എടിസി) എയർ ഇന്ത്യയുടെ സേവനപ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ.
ഏപ്രിൽ രണ്ടിന് ഇന്ത്യയിൽ കുടങ്ങി കിടന്ന യൂറോപ്യൻ പൗരന്മാരെയും കൊണ്ട് മുംബൈയിൽ നിന്നും ജർമനിയിലെ ഫ്രാങ്ഫുർട്ടിലേക്ക് എയർ ഇന്ത്യ വിമാനം കുതിച്ചിരുന്നു. ഇതേ വിമാനത്തിൽ യാത്രക്കാർക്കു പുറമെ ദുരിതാശ്വാസ വസ്തുക്കളും ഉണ്ടായിരുന്നു. യാത്രാമധ്യേ പാക് വ്യോമപാതയിൽ പ്രവേശിച്ചപ്പോൾ എയർ ഇന്ത്യ വിമാനത്തിൽ നിന്നും പാക് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടു. അമ്പരിപ്പിക്കുന്ന പ്രതികരണമായിരുന്നു പാക് എടിസിയിൽ നിന്നും കിട്ടിയത്. സ്വാഗതം അറിയിച്ചശേഷം ഫ്രാങ്ഫുർട്ടിലേക്ക് പോകുന്ന വിമാനമാണോയെന്ന് ഉറപ്പിക്കാൻ ആവശ്യപ്പെട്ടു. അതേയെന്ന് മറുപടി കിട്ടിയപ്പോൾ, ഈ മഹാമാരിയുടെ കാലത്ത് നിങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നുവെന്നായിരുന്നു പാക് എടിസിയിൽ നിന്നും തുടർന്നുണ്ടായ പ്രതികരണം. എയർ ഇന്ത്യ വിമാനത്തിന് കറാച്ചിക്കടുത്തുള്ള വ്യോമപാതയിലൂടെ സഞ്ചരിക്കാനുള്ള അനുമതി കൊടുത്തുകൊണ്ടായിരുന്നു ഈ അഭിനന്ദനം. പാക് വ്യോമപാത ഉപയോഗിക്കാൻ കഴിഞ്ഞതിലൂടെ 15 മിനിട്ട് സമയം ലാഭിക്കാനും എയർ ഇന്ത്യക്ക് സാധിച്ചു.
ഇവിടെ കൊണ്ടും തീർന്നില്ല പാക് എടിസിയുടെ സഹായം. ഇറാൻ വ്യോമപരിധിയിലേക്ക് എയർ ഇന്ത്യ വിമാനം കടന്നപ്പോൾ ഇറാൻ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടാൻ കഴിയാതെ വന്നിരുന്നു. ഈ സമയം സഹായത്തിനെത്തിയതും പാക് എടിസി ആയിരുന്നു. പാക് എയർ ട്രാഫിക് കൺട്രോളിൽ നിന്നാണ് ഇറാൻ എടിസുമായി ബന്ധപ്പെട്ട് എയർ ഇന്ത്യയുടെ സന്ദേശം കൈമാറിയത്. സാധാരണഗതിയിൽ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങൾക്ക് ഇറാനിൽ കുറച്ച് മണിക്കൂറുകൾ തങ്ങേണ്ടതായി വരുന്നതാണ്. എന്നാൽ, ഈ സന്ദർഭത്തിൽ അതിവേഗം അനുമതി ലഭിച്ചു. മാത്രവുമല്ല, ഒരു എളുപ്പവഴിയിലൂടെ സഞ്ചരിക്കാൻ തങ്ങളെ ഇറാൻ അനുവദിച്ചതായും എയർ ഇന്ത്യ പൈലറ്റുമാർ പിന്നീട് വ്യക്തമാക്കി.
നേരത്തെ തുർക്കി, ജർമൻ എയർ ട്രാഫിക് കൺട്രോൾ വിഭാഗങ്ങളും എയർ ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തു വന്നിരുന്നു. ഇന്ത്യയിൽ കുടുങ്ങി കിടന്ന ജർമൻ, ഫ്രഞ്ച്, ജർമൻ, ഐറിഷ്, കനേഡിയൻ പൗരന്മാരെ നാട്ടിൽ തിരിച്ചെത്തിക്കാൻ 18 എയർ ഇന്ത്യൻ വിമാനങ്ങളാണ് പറന്നുയർന്നത്. അതാത് രാജ്യങ്ങളുടെ എംബസികളിൽ നിന്നും ആവിശ്യപ്പെട്ടതിനെ തുടർന്നായിരുന്നു കൊറോണക്കാലത്ത് സേവനസന്നദ്ധരായി എയർ ഇന്ത്യ രംഗത്തെത്തിയത്.
Story highlight: Pak air traffic control, congratulate, of Air India Control
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here