മുസ്ലിം ആയതിനാൽ ഗർഭിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല; ആംബുലൻസിൽ പ്രസവം; കുഞ്ഞ് മരിച്ചു

മുസ്ലിം ആയതിനാൽ സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആംബുലൻസിൽ വച്ച് കുഞ്ഞിനെ പ്രസവിച്ചുവെന്ന് റിപ്പോർട്ട്. കുഞ്ഞ് ആംബുലൻസിൽ വച്ച് തന്നെ മരിച്ചു. രാജസ്ഥാനിലെ ഭരത്പൂരിലാണ് രാജ്യത്തെ നടുക്കുന്ന സംഭവമുണ്ടായത്. എന്നാൽ സംസ്ഥാന ആരോഗ്യ മന്ത്രി ഡോ സുഭാഷ് ഗാർഗ് സംഭവത്തിന് കാരണക്കാരനായ ഡോക്ടറെ ന്യായീകരിച്ചു രംഗത്തെത്തി.
എന്നാൽ രാജസ്ഥാൻ ടൂറിസം വകുപ്പ് മന്ത്രി വിശ്വേന്ദ്ര സിംഗ് ഇക്കാര്യത്തെ രൂക്ഷമായി വിമർശിച്ചു. സംഭവം നടന്ന സ്ഥലത്തെ എംഎൽഎ ആണ് ആരോഗ്യ മന്ത്രി എന്നും വിശ്വേന്ദ്ര സിംഗ് ചൂണ്ടിക്കാണിക്കുകയുണ്ടായി. മാധ്യമപ്രവർത്തകരെ ടാഗ് ചെയ്തായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ കാബിനറ്റിലെ അംഗമായ ടൂറിസം മന്ത്രിക്ക് ആരോഗ്യ മന്ത്രിയോട് നേരിട്ട് സംസാരിക്കാൻ കഴിയില്ലേയെന്ന് പലരും സംശയമുന്നയിക്കുന്നുണ്ട്.
Pregnant Muslim Woman was refused medical attention at the Zenana Hospital in #Bharatpur & was told to go to Jaipur given her religion. Local Bharatpur MLA is State Health Minister & this is the condition of the hospital in Bharatpur City. Shameful. pic.twitter.com/Rd2i4UZGk3
— Vishvendra Singh Bharatpur (@vishvendrabtp) April 4, 2020
സിക്രിയിൽ നിന്ന് ജനാനാ ആശുപത്രിയിലേക്കാണ് ഭാര്യയെ റഫർ ചെയ്തത്. എന്നാൽ അവിടെയുള്ള ഡോക്ടർ മുസ്ലിം ആണെന്ന കാരണത്താൽ ജയ്പൂരിലേക്ക് പോകാൻ പറയുകയുണ്ടായി. ആംബുലൻസിൽ അവിടേക്ക് പോയിക്കൊണ്ടിരിക്കെ ഭാര്യ പ്രസവിച്ചെന്നും കുഞ്ഞ് മരിച്ചെന്നും യുവതിയുടെ ഭർത്താവായ ഇർഫാൻ ഖാൻ പറയുന്നു. എന്റെ കുഞ്ഞിന്റെ മരണത്തിന് ഇവിടത്തെ ഭരണാധികാരികൾ ഉത്തരം നൽകണമെന്നും ഇർഫാൻ ഖാൻ കൂട്ടിച്ചേർത്തു.
Read Also: കൊവിഡ് നിരീക്ഷണത്തിന് മുറിയെടുത്ത ആരോഗ്യപ്രവർത്തകർക്ക് അധിക്ഷേപം; കണ്ണൂരിലെ റിസോർട്ടിനെതിരെ പരാതി
ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം തലവനാണ് യുവതിയെ അഡ്മിറ്റ് ചെയ്യാൻ വിസമ്മതിച്ചതെന്നാണ് വിവരം. ഡോ മോനിത് വാലിയ എന്ന ഡോക്ടറാണ് മുസ്ലിം യുവതിയെ ചികിത്സിക്കാൻ വിസമ്മതിച്ചത്. എന്നാൽ സംഭവത്തിൽ ഡോക്ടറെ അനുകൂലിച്ച ആരോഗ്യമന്ത്രി പറയുന്നത് മുസ്ലിം ആയതുകൊണ്ടല്ല യുവതിക്ക് പ്രവേശനം നിഷേധിച്ചതെന്നാണ്. രാജസ്ഥാൻ സർക്കാർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപുറകെയാണ് മന്ത്രിയുടെ വിശദീകരണമെത്തിയത്.
ഇത് വളരെ നാണം കെട്ട സംഭവമാണെന്നാണ് രാജസ്ഥാൻ ടൂറിസം മന്ത്രി പറഞ്ഞിരിക്കുന്നത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. സംസ്ഥാന സർക്കാർ ഇത്തരം കാര്യങ്ങളിൽ ഉറച്ച നിലപാട് എടുക്കാറുണ്ട്. ജമാഅത്തുകാർ നിസാമുദ്ദീനിൽ സമ്മേളനം നടത്തിയ തെറ്റിന് ഒരു സമുദായത്തെ മുഴുവൻ പ്രതിസ്ഥാനത്ത് നിർത്തുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.
rajasthan, doctor refuses to admit pregnant woman in hospital, because she is muslim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here