പതിനാല് വയസുകാരിയുടെ ​ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി

HIGH COURT

പതിനാല് വയസുകാരിയുടെ ഗർഭച്ഛിദ്രത്തിന് ഹൈക്കോടതി അനുമതി നൽകി. പെൺകുട്ടിയുടെ 24 ആഴ്ച പിന്നിട്ട ​ഗർഭം അലസിപ്പിക്കണമെന്ന ആവശ്യവുമായി പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. 1971-ലെ മെഡിക്കൽ ടെർമിനേഷൻ ഒാഫ് പ്രഗനൻസി ആക്ട് പ്രകാരം 20 ആഴ്ച പിന്നിട്ടാൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകാറില്ല. ഇവിടത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ​ഗർഭച്ഛിദ്രത്തിന് ഹൈക്കോടതി അനുമതി നൽകിയത്.

ഗർഭസ്ഥശിശു ജീവനോടെയാണ് ജനിക്കുന്നതെങ്കിൽ അതിന്റെ ജീവൻ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പോക്‌സോ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കേസിന്റെ ആവശ്യത്തിനായി ഗർഭസ്ഥ ശിശുവിന്റെ ഡി.എൻ.എ. പരിശോധനയ്ക്കായി എടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

വിവാഹിതനയ യുവാവ് പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. അഞ്ച് മാസത്തിന് ശേഷമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി ​ഗർഭിണിയാണെന്ന് വ്യക്തമായി.യുവാവിനെ പൊലീസ് അറസ്റ്റ്‌ ചെയ്യുകയും ചെയ്തു. ഗർഭച്ഛിദ്രത്തിന് അനുമതി തേടി പിതാവ് സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വീഡിയോ കോൺഫറൻസിലൂടെ ഹർജി പരിഗണിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top