രോഗലക്ഷണങ്ങളില്ല, കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു; ചൈനയിൽ പുതിയ പ്രതിസന്ധി

കൊറോണയുടെ പ്രഭവ രാജ്യമായ ചൈനയിൽ വീണ്ടും പ്രതിസന്ധി. കൊറോണ ബാധിതരുടെ എണ്ണം വീണ്ടും കൂടുന്നതായാണ് റിപ്പോർട്ട്. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട് എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ചൈനയിൽ ഞായറാഴ്ച മാത്രം 39 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 38 പേർക്കും ചൈനയുടെ പുറത്തുനിന്ന് രോഗം ബാധിച്ചതാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. പ്രാദേശികമായി രോഗം പകർന്ന ആൾ ചൈനയിലെ ഗ്യാങ്ഡാങ് പ്രവിശ്യയിൽ താമസിക്കുന്ന ആളാണ്. രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും ശരീരത്തിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത് 78 പേർക്കാണ്. ഞായറാഴ്ച വരെ ഇത് 47 ആയിരുന്നു. ഒറ്റയടിക്ക് ബാക്കിയുള്ളവർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
നിലവിൽ ചൈനയിലെ പുതിയ കണക്കുകൾ അനുസരിച്ച് 81,708 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ 3,331 പേർ മരിച്ചു. രോഗപ്പകർച്ച തീവ്രമായ സമയത്ത് ദിവസേന നൂറിനുമുകളിൽ ആളുകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഈ ഒരു സാഹചര്യം നിലവിൽ ഇല്ല. എന്നാൽ വൈറസിനെ പൂർണമായും തുടച്ചു നീക്കാൻ സാധിക്കാത്തത് ചൈനയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here