Advertisement

സംസ്ഥാനത്ത് 81.45 ശതമാനത്തിലധികം പേര്‍ സൗജന്യ റേഷന്‍ വാങ്ങി: മുഖ്യമന്ത്രി

April 6, 2020
Google News 1 minute Read

സംസ്ഥാനത്ത് 81.45 ശതമാനത്തിലധികം പേര്‍ ഇതിനകം സൗജന്യ റേഷന്‍ വാങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയും പേര്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്നത് ആദ്യമായാണ്. ഇതിനായി പ്രയത്‌നിച്ച സിവില്‍ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍, റേഷന്‍ വ്യാപാരികള്‍, തൊഴിലാളികള്‍ അടക്കമുള്ള മറ്റ് വിഭാഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

റേഷനുമായി ബന്ധപ്പെട്ട് അപൂര്‍വമായാണ് ചില പരാതികള്‍ ഉയര്‍ന്ന് വന്നത്. ചിലര്‍ ബോധപൂര്‍വമായി റേഷന്‍ മോശമാണെന്ന് അടക്കം പ്രചാരണവും നടത്തി. എന്നാല്‍ സമൂഹം ആദരിക്കുന്ന ചിലര്‍ ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് അവരുടെ അനുഭവത്തിലൂടെ പറഞ്ഞത് കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരുന്നു. നടന്‍ മണിയന്‍പിള്ള രാജു നടത്തിയ അഭിപ്രായ പ്രകടനം ഇതിന്റെ ഉദാഹരണമാണ്. റേഷന്‍ കടകളില്‍ ആവശ്യമായ എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഒരു പരാതി ഉയര്‍ന്നത് ജില്ല മാറി റേഷന്‍ ലഭിക്കുന്നില്ലെന്നതാണ്. ആ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജം; ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ തയാര്‍: മുഖ്യമന്ത്രി

അതേസമയം, സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. രണ്ടുപേര്‍ മലപ്പുറം സ്വദേശികളും. കൊല്ലം പത്തനംതിട്ട സ്വദേശികളായ ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

കാസര്‍ഗോഡ് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലത്തും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചവര്‍ നിസാമുദീന്‍ സമ്മേളത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്ത് നിന്നാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേര്‍ ചികിത്സയിലാണ്. ഒരുലക്ഷത്തി അന്‍പത്തിരണ്ടായിരത്തി എണ്ണൂറ്റി നാലുപേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തി അന്‍പത്തിരണ്ടായിരത്തി ഒന്‍പത് പേര്‍ വീടുകളിലും 795 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് ഇന്ന് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു.

Story Highlights: coronavirus, Cm Pinarayi Vijayan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here