എംപിമാരുടെ ഫണ്ട് രണ്ടു വര്‍ഷത്തേക്ക് നിര്‍ത്തലാക്കിയ കേന്ദ്ര നടപടി പ്രാദേശിക വികസനത്തെ ബാധിക്കും: മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടു വര്‍ഷത്തേക്ക് നിര്‍ത്തലാക്കിയ കേന്ദ്രത്തിന്റെ നടപടി വികസന പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ എടുത്ത തീരുമാനത്തെ അഭിനന്ദിക്കുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായം തികച്ചും അപര്യാപ്തമാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നത് പ്രധാനമാണ്. ഇതിനുള്ള ഇടപെടലുകള്‍ സംസ്ഥാനത്ത് ചില എംപിമാര്‍ തുടങ്ങിവെച്ചെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനംമൂലം അതൊക്കെ സംസ്ഥാനത്തിന് നഷ്ടപ്പെടുന്ന സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് അതാത് മണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. അത് കേന്ദ്ര സര്‍ക്കാരിന്റെ വിഭവ സമാഹരണത്തിന്റെ ഭാഗമാക്കുന്നത് ന്യായമല്ല. പ്രകൃതി ദുരന്തമാകട്ടെ പകര്‍ച്ച വ്യാധികളാകട്ടെ, ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഏറ്റവും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകേണ്ടത് വികേന്ദ്രീകൃതമായി പ്രാദേശിക തലത്തിലാണ്. കേരളത്തില്‍ പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസത്തിലുമെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖ്യ പങ്കാണ് വഹിച്ചിട്ടുള്ളത്.
ഇപ്പോള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും താഴെത്തട്ടില്‍ പ്രധാന ചുമതലകളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നത്. പ്രാദേശികമായി ചെയ്യേണ്ട പല പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന കൊടുക്കേണ്ട സമയമാണിത്. അതുകൊണ്ടുതന്നെ ഫണ്ടിന്റെയും അടിയന്തരാവശ്യങ്ങള്‍ പ്രാദേശികമായിട്ടുണ്ട്. ഈ ഘട്ടത്തില്‍ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് നിഷേധിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് തന്നെ നിരക്കാത്തതാണ്.
ഈ തീരുമാനം പുനഃപരിശോധിക്കണം. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ഈ ഘട്ടത്തില്‍ പൂര്‍ണമായും കൊവിഡ് പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങളില്‍ വിനിയോഗിക്കുന്നതിനുള്ള നിര്‍ദേശം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here