സംസ്ഥാനത്തിന്റെ ഭക്ഷ്യസ്റ്റോക്ക് വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കത്തില്‍ ചെറിയ കുറവ് വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 1745 ട്രക്കുകളാണ് തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികള്‍ കടന്ന് ഇന്ന് വന്നത്. ഇതില്‍ 43 എല്‍പിജി ടാങ്കറുകളും എല്‍പിജി സിലിണ്ടറുകളുമായുള്ള 65 ട്രക്കുകളുമുണ്ട്. ലോക്ക് ഡൗണിന് മുന്‍പ് ഒരുദിവസം 227 എല്‍പിജി ടാങ്കുകള്‍ എത്തിയിരുന്നു. കൂടുതല്‍ ട്രക്കുകള്‍ സാധനങ്ങളുമായി എത്തുന്നതിനുള്ള സാഹചര്യം ഉണ്ടാക്കും. സംസ്ഥാനത്തിന്റെ ഭക്ഷ്യസ്റ്റോക്കില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല. ഇനിയുള്ള ഘട്ടം മുന്നില്‍ കണ്ട് സ്റ്റോക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ചരക്ക് ഗതാഗതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. മൂന്നുപേര്‍ കണ്ണൂര്‍ സ്വദേശികളും. കൊല്ലം, മലപ്പുറം സ്വദേശികളായ ഒരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ടുപേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും. സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്കും വൈറസ് ബാധിച്ചു. സംസ്ഥാനത്ത് ഇന്ന് 12 പേരുടെ പരിശോധാഫലം നെഗറ്റീവായി. കണ്ണൂരില്‍ അഞ്ച് പേര്‍ക്കും, എറണാകുളത്ത് നാലുപേര്‍ക്കും, തിരുവനന്തപുരം ആലപ്പുഴ കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്.
സംസ്ഥാനത്ത് ഇതുവരെ 336 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 263 പേര്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ഒരുലക്ഷത്തിനാല്‍പത്തിയാറായിരത്തി അറുനൂറ്റി എണ്‍പത്തിയാറുപേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തിനാല്‍പത്തിഅയ്യായിരത്തിതൊള്ളായിരത്തി മുപ്പത്തിനാലുപേര്‍ വീടുകളിലും 752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 11232 സാമ്പിളുകള്‍ പരിശോധക്ക് അയച്ചു. 10250 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Cm Pinarayi Vijayan, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here