എറണാകുളത്ത് വയോജനങ്ങളുള്ള വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനം
കൊവിഡ് പ്രതിരോധത്തിന് പുതിയ പരീക്ഷണവുമായി എറണാകുളം ജില്ലാ ഭരണകൂടം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കും. വയോജനങ്ങൾ ഉള്ള വീടുകളിൽ നിരീക്ഷണത്തിലുള്ളവരെയാണ് മാറ്റുക. വയോജനങ്ങളിലേക്കുള്ള രോഗബാധ തടയുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം നിരീക്ഷണ സംവിധാനം ഒരുങ്ങുന്നത്.
എറണാകുളം ജില്ലയിൽ 3.71 ലക്ഷം വയോജനങ്ങളുണ്ടെന്നാണ് ഏകദേശ കണക്ക്. പ്രായാധിക്യമുള്ളവരിൽ കൊറോണ വൈറസ് ബാധ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ മുൻകരുതൽ നടപടി. ഇതിന്റെ ഭാഗമായാണ് വയോജനങ്ങളുള്ള വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നത്.
പുതിയ പദ്ധതിയനുസരിച്ച് വാർഡ് അടിസ്ഥാനത്തിൽ പൊതു നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനം. ഹാളുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ കണ്ടെത്തി 25 ബെഡുള്ള നിരീക്ഷണ കേന്ദ്രമാക്കും. ഇവിടെ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കും. എറണാകുളം ജില്ലയിൽ 545 കേന്ദ്രങ്ങൾ ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം.
അതിനിടെ മട്ടാഞ്ചേരിയിലെ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രി ജില്ലയിലെ രണ്ടാം കൊവിഡ് സെന്ററാക്കാൻ നടപടികൾ ആരംഭിച്ചു. എംഎൽഎ ഫണ്ടുപയോഗിച്ച് നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
Story Highlights- coronavirus, violating Home Quarantine,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here