തലപ്പാടി വഴി മംഗലാപുരത്തേക്ക് ചികിത്സക്കായി ആംബുലൻസ് കടത്തിവിട്ടു

മംഗലാപുരത്തേക്ക് വിദഗ്ദ ചികിത്സക്കായി ആംബുലൻസ് കടത്തിവിട്ടു. കർശന പരിശോധനകൾക്ക് ശേഷമാണ് സർക്കാർ ആംബുലൻസിന് തലപ്പാടി ചെക് പോസ്റ്റ് വഴി യാത്ര അനുവദിച്ചത്. അതേസമയം, തലപ്പാടിയിലെ സംവിധാനങ്ങളിൽ അശാസ്ത്രീയതയുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കർശന ഉപാധികളോടെയാണ് മംഗളുരുവിലേക്ക് ആംബുലൻസുകൾക്ക് യാത്രാ അനുമതി നൽകിയത്. എന്നാൽ ഉത്തരവിൽ പറയുന്ന 10 നിബന്ധനകൾ പൂർത്തിയാക്കി അതിർത്തി കടക്കുക എന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണ്. ഇതിനിടെയാണ് ആദ്യ ആംബുലൻസ് അതിർത്തി കടന്നത്. കാസർഗോഡ് തളങ്കര സ്വദേശിയാണ് വിദഗ്ദ ചികിത്സക്കായി തലപ്പാടിയിലെ മെഡിക്കൽ സംഘത്തിന്റെ സാക്ഷ്യപ്പെടുത്തലുമായി മംഗളുരുവിലേക്ക് പോയത്. ഇളവ് വന്നെങ്കിലും യാത്ര എല്ലാവർക്കും സാധിക്കില്ല.
രോഗിക്ക് കൊവിഡ് രോഗമോ ലക്ഷണങ്ങളോ ഇല്ലെന്ന മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം കരുതണം. ജില്ലാ ഭരണകൂടം നിയമിച്ച മംഗൽപാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരാണ് പരിശോധനയ്ക്കായി തലപ്പാടിയിൽ ഉള്ളത്. അടിയന്തിര ഘട്ടത്തിൽ ഇവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകൽ അസാധ്യമാണ്. ഒപ്പം ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആംബുലൻസ് മാറ്റുന്നതും അപ്രായോഗികം. ജില്ലയിൽ ചികിത്സയില്ല എന്ന് സാക്ഷ്യപ്പെടുത്തേണ്ടി വരുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
രോഗിയോടൊപ്പം ഒരു സഹായിയും ഡ്രൈവറും ഒരു പാരാ മെഡിക്കൽ ജീവനക്കാനും മാത്രമേ അനുവദിക്കുകയുള്ളു. തലപ്പാടിയിലെത്തുന്നവർക്ക് അതിർത്തി കടക്കാൻ 108 ആംബുലൻസ് സഹായവും ഉറപ്പുവരുത്തിയിട്ടുണ്ട്.
അതേസമയം, കാത്തിരിപ്പിനൊടുവിൽ ചികിത്സാ അവകാശം നേടിയെങ്കിലും മംഗളുരുവിലെ ചില സ്വകാര്യ ആശുപത്രിയിൽ മലയാളികൾക്ക് ചികിത്സ നിഷേധിക്കുന്നതായും പരാതിയുയരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here