ബുക്ക്‌ഷോപ്പുകള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്നത് പരിഗണിക്കും: മുഖ്യമന്ത്രി

ബുക്ക്‌ഷോപ്പുകള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും വീടുകളിലായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം പുസ്തകങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
വളം, വിത്ത്, കീടനാശിനി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴുമുതല്‍ 11 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കും. സ്വകാര്യ ആശുപത്രികള്‍ക്ക് വൈദ്യുതി ചാര്‍ജ്, വെള്ളക്കരം എന്നിവ അടക്കേണ്ട തീയതിയില്‍ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍ഗോട്ടെ രോഗികളെ കേരളത്തിലെ തന്നെ മികച്ച ആശുപത്രികളിലെത്തിക്കും. ആവശ്യമെങ്കില്‍ ആകാശമാര്‍ഗവും ഉപയോഗിക്കും. സംസ്ഥാനത്ത് കൊവിഡ് പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. എല്ലാ ജില്ലകളിലും പരിശോധനാ ലാബുകള്‍ എന്നതാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളില്‍ ടെസ്റ്റ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കും. സംസ്ഥാനത്ത് ചികിത്സയിലുള്ളവരില്‍ 60 വയസിനു മുകളിലുള്ളവര്‍ 7.5 ശതമാനം പേരാണ്. 20 വയസിന് താഴെയുള്ളവര്‍ 6.9 ശതമാനവും. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് 100 ദിവസം പിന്നിട്ടു. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുന്ന എല്ലാവരും നമ്മുടെ നാടിനെയും ആരോഗ്യസംവിധാനത്തെയും അഭിനന്ദിക്കുകയാണ്. എണ്‍പത്തിമൂന്നും എഴുപത്തിയാറും വയസുള്ളവരെ ഉള്‍പ്പെടെ കേരളം ചികിത്സിച്ച് ഭേദമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here