കണ്ണൂരിലെ ഹോം ഡെലിവറി പദ്ധതിയിൽ വളണ്ടിയർമാരായി പ്രമുഖർ

കണ്ണൂരിൽ അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കുന്ന ഹോം ഡെലിവറി പദ്ധതിയിൽ വളണ്ടിയർമാരായി പ്രമുഖർ. നടൻ സന്തോഷ് കീഴാറ്റൂരും ഫുട്ബോൾ താരം സികെ വിനീതും ഗായിക സയനോര ഫിലിപ്പും അടക്കമുള്ളവരാണ് ഇവിടെ വളണ്ടിയർമാരായി പ്രവർത്തിക്കുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്തിൽ തുടങ്ങിയ കോൾ സെൻ്ററിൽ സേവനം നടത്താനാണ് പ്രമുഖരെത്തുന്നത്.
കണ്ണൂർ കോർപ്പറേഷൻ പരിധിയിലുള്ളവർക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകുന്ന സഹായ കേന്ദ്രമാണിത്. ഇവർ നൽകിയ നമ്പരുകളിലേക്ക് വിളിച്ചാൽ പലചരക്ക് സാധനങ്ങളും പച്ചക്കറികളും മരുന്നും വീട്ടിലെത്തും. ഇതിനായി സജ്ജമാക്കിയ കോൾ സെൻ്ററിലാണ് വളണ്ടിയറായി പ്രമുഖരെത്തുന്നത്. നടൻ സന്തോഷ് കീഴാറ്റൂരും ഫുട്ബോൾ താരം സി.കെ വിനീതും ഗോകുലം എഫ്.സിയുടെ വനിതാ ടീം പരിശീലക പ്രിയയും ഗായിക സയനോര ഫിലിപ്പുമൊക്കെ കോൾ സെൻ്ററിൻ്റെ ഭാഗമായി. ഇവർക്കൊപ്പം മന്ത്രി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, ജില്ലാ ജഡ്ജി ടി. ഇന്ദിര തുടങ്ങിയ നിരവധി പ്രമുഖരും കോൾ സെൻ്ററിൽ സേവനം നിരതരായി ഉണ്ട്. ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ സി.കെ വിനീത് ഇവിടെ വളണ്ടിയറായുണ്ട്.
രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് കോൾ സെൻ്ററിൻ്റെ പ്രവർത്തനം. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഫോണിൽ വിളിച്ച് പറയുകയോ അയച്ചു കൊടുക്കുകയോ ചെയ്യാം. 24 മണിക്കൂറിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തും. സ്പോർട്സ് കൗൺസിലിൻ്റെയും യുവജനക്ഷേമ ബോർഡിൻ്റെയും സഹായത്തോടെയാണ് ഹോം ഡെലിവറി സംവിധാനം പ്രവർത്തിക്കുന്നത്. കണ്ണൂർ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി തുടങ്ങിയിട്ടുണ്ട്.
Story Highlights: celebreties in kannur home delivery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here