Advertisement

സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാസ്‌കുകള്‍ക്കു പുറമെ ഗൗണുകളും

April 10, 2020
Google News 1 minute Read

കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തയ്യല്‍ യൂണിറ്റിലുള്ളവര്‍ പ്രതിദിനം തുന്നിയെടുക്കുന്നത് 3,500 മാസ്‌കുകളും ഗൗണ്‍ മാതൃകയിലുള്ള 15 ആശുപത്രി യൂണിഫോമുകളും. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നാണ് ജീവനക്കാര്‍ക്കായി യൂണിഫോം തയാറാക്കുന്നതിനായി ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നതെന്ന് ജയില്‍ സൂപ്രണ്ട് ബി. സുനില്‍ കുമാര്‍ പറഞ്ഞു. അത്യാസന്ന നിലയിലുള്ള കൊവിഡ് ബാധിതരെ ചികിത്സിക്കേണ്ടിവരുന്നതിനാല്‍ ഇത്തരം കോട്ടുകള്‍ക്ക് കൂടുതല്‍ ആവശ്യകതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജയിലിലെ അന്തേവാസികളില്‍ രണ്ടുപേരാണ് കോട്ട് തുന്നുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 23 പേര്‍ മുഴുവന്‍ സമയവും മാസ്‌ക് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുകയാണ്. 500 കോട്ടുകള്‍ക്കാണ് ആശുപത്രി ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. കോട്ടണും ടെറി കോട്ടണും ഉപയോഗിച്ചാണ് കോട്ട് രൂപപ്പെടുത്തുന്നത്. കോട്ടിനുള്ള മാതൃകയും തുണിയും ആശുപത്രി നല്‍കിയിട്ടുണ്ട്. ആയതിനാല്‍ തുന്നല്‍ കാശ് മാത്രമേ ഈടാക്കുന്നുള്ളൂ. ഇതിനോടകം 25 കോട്ടുകള്‍ കൈമാറി. സംസ്ഥാനത്തെ ജയിലുകളില്‍ മാസ്‌കും സാനിറ്റൈസറും നിര്‍മിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ മാത്രമാണ് കോട്ട് തയ്ക്കുന്നത്. തുടര്‍ന്നും ഇത്തരത്തിലെ ഓര്‍ഡറുമായി ആശുപത്രികള്‍ സമീപിച്ചാല്‍ അത് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ആവശ്യകതയേറിയ സാനിറ്റൈസറും ഇവിടെ നിര്‍മിക്കുന്നുണ്ട്. ഇതിലേക്കായി എക്‌സൈസ് വകുപ്പില്‍ നിന്നും 7,000 ലിറ്റര്‍ സ്പിരിറ്റ് ലഭിച്ചിട്ടുണ്ട്. നൂറു മില്ലീ ബോട്ടിലിന് 50 രൂപയാണ് ഈടാക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും കൈമാറുന്നത് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കാണ്.

Story Highlights: coronavirus, central jail,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here